ad
Deshabhimani

‘ഞങ്ങളിലുള്ളത് മാനവരക്തം’ എന്ന മുദ്രാവാക്യത്തിന്റെ രചയിതാവ്‌ , കേരള മിശ്രവിവാഹ സംഘത്തിന്റെ സ്ഥാപകൻ

‘മാനവരക്തം' രചിച്ച വിപ്ലവകാരിക്ക്‌ 100 ; വി കെ പവിത്രന്റെ ജന്മശതാബ്ദി ആഘോഷം 13ന്‌

v k pavithran
avatar
ഡി കെ അഭിജിത്‌

Published on Apr 11, 2025, 12:48 AM | 2 min read


കൊച്ചി : “ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ ക്രൈസ്‌തവ രക്തം, ഞങ്ങളിലില്ലാ ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം''... പുരോഗമന ആശയങ്ങൾ പേറുന്ന വിദ്യാർഥി, യുവജന സംഘടനകൾ ഇന്നും ഏറ്റുവിളിക്കുന്ന മുദ്രാവാക്യം. 1968ൽ പാലക്കാട്ട് നടന്ന മിശ്രവിവാഹ സംഘം സംസ്ഥാനസമ്മേളനത്തിലാണ്‌ ഈ മുദ്രാവാക്യം ആദ്യമായി മുഴങ്ങിയത്‌. അതിന്റെ രചയിതാവ്‌ വി കെ പവിത്രന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്‌ കേരളം. കേരള മിശ്രവിവാഹവേദിയും കേരള യുക്തിവാദി സംഘവും ചേർന്ന്‌ ഞായറാഴ്‌ച ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കുന്ന ജന്മശതാബ്‌ദി സമ്മേളനം മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. പവിത്രന്റെ ഭാര്യ ടി എ സതി പങ്കെടുക്കും.


PAVITHRAN


1924ൽ എറണാകുളത്ത്‌ പഴയ റെയിൽവെ സ്‌റ്റേഷനുസമീപം ഈഴവകുടുംബത്തിൽ ജനിച്ച പവിത്രൻ കുട്ടിക്കാലത്തുതന്നെ ജാതി അവഹേളനം എന്തെന്ന്‌ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ കൈകഴുകാൻ ക്ഷേത്രക്കുളത്തിലിറങ്ങിയ പവിത്രനെയും കൂട്ടുകാരനെയും ഒരു അമ്പലവാസി ജാതിപ്പേര്‌ വിളിച്ച്‌ ആട്ടിപ്പായിച്ചതാണ്‌ വഴിത്തിരിവായത്‌. ജാതിക്കും മതത്തിനുമെതിരെ സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്‌ടനായ പവിത്രൻ ജാതിനശീകരണത്തിനുള്ള വഴിയായാണ്‌ "മിശ്രവിവാഹം' എന്ന ആശയത്തിലെത്തിയത്‌. 1946ൽ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകരിക്കാൻ മുൻകൈയെടുത്തു. ഇതിന്റെ പ്രസിഡന്റ്‌ ചൊവ്വര പരമേശ്വരനും സെക്രട്ടറി പവിത്രനുമായിരുന്നു. 1956ൽ പവിത്രൻതന്നെ മിശ്രവിവാഹം കഴിച്ച്‌ മാതൃക കാണിച്ചു. ശ്രീനാരായണഗുരുവിന്റെ നാല്‌ സന്ദേശങ്ങൾ ചേർത്ത ക്ഷണക്കത്തിൽ പാരിതോഷികങ്ങൾ വേണ്ടെന്നും വ്യക്തമാക്കിയിരുന്നു.


PAVITHRAN53 വർഷം മുൻപുള്ള സാമൂഹ്യ വിപ്ലവ പ്രചരണ ജാഥ


കേരളം രൂപംകൊണ്ടതോടെ കേരള മിശ്രവിവാഹസംഘമായി വികസിച്ച സംഘടനയുടെ പ്രഥമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തത് അന്നത്തെ മുഖ്യമന്ത്രി ഇ എം എസാണ്‌. കേരളത്തിലെ ആദ്യ വിവാഹ ബ്യൂറോ ആരംഭിച്ചത്‌ മിശ്രവിവാഹസംഘമാണ്‌. സംഘം മുൻകൈയെടുത്ത് മൂവായിരത്തോളം മിശ്രവിവാഹങ്ങൾ സംഘടിപ്പിച്ചു. പവിത്രന്റെ മക്കളായ രഹിൻ, രഹിത, റിബൽ, നിനൈസ്‌ എന്നിവരുടെ വിവാഹവും ഇതിലുൾപ്പെടും. മിശ്രവിവാഹസംഘം ബുള്ളറ്റിൻ, പ്രഖ്യാപനം എന്നീ മാസികകളുടെ പത്രാധിപരായും പവിത്രൻ പ്രവർത്തിച്ചു.


PAVITHRAN


വി ടി ഭട്ടതിരിപ്പാട്‌ കൊച്ചിയിലെത്തിയാൽ പലപ്പോഴും ഇദ്ദേഹത്തിന്റെ വീട്ടിലാണ്‌ തങ്ങിയിരുന്നത്‌. പ്രൊഫ. കുറ്റിപ്പുഴ കൃഷ്‌ണപിള്ള, സ്വാമി ആനന്ദതീർത്ഥൻ, എം സി ജോസഫ്‌ തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. കേരള യുക്തിവാദി സംഘത്തിന്റെ നേതൃനിരയിലും ഉണ്ടായിരുന്നു. ടാറ്റ ഓയിൽ മിൽസ്‌ തൊഴിലാളി എന്ന നിലയ്‌ക്ക്‌ ആർജിച്ച അറിവിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ സജ്ജീകരിച്ച പരീക്ഷണശാലയിൽ പവിത്രൻ സുഗന്ധസോപ്പുകളടക്കം പല ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയിരുന്നു. 2011 ഏപ്രിൽ ഒമ്പതിനാണ്‌ അന്തരിച്ചത്‌. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി മതരഹിത സംഗമം, മൈൻഡ്‌ ഡിസൈൻ (മാജിക്‌), കാവ്യസദസ്സ്‌ എന്നിവയും ഉണ്ടാകും.


PAVITHRAN



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home