ad
Deshabhimani

പിശക് സംഭവിച്ചത് എവിടെയെന്ന് പഠിച്ച് തിരുത്തും: വി ജോയി

V Joy

വി ജോയി

വെബ് ഡെസ്ക്

Published on Dec 14, 2025, 11:16 AM | 1 min read

തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിനുണ്ടായതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. അടിത്തറയിൽ യാതൊരു കോട്ടവും തട്ടിയിട്ടില്ല. യുഡിഎഫുമായി 42,000ൽ അധികം വോട്ടിന്റെ വ്യത്യാസമുണ്ട് എൽഡിഎഫിന്. കോർപറേഷൻ ഭരണത്തിനെതിരായ വലിയ വികാരമുണ്ടായിരുന്നില്ല. അഴിമതിയോ ക്രമക്കേടോ ഇല്ലാത്ത ഭരണമായിരുന്നു. പ്രാദേശികമായ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എവിടെയാണ് പിശക് പറ്റിയതെന്ന് പഠിച്ച്, അത് തിരുത്തും. ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപെഴകുന്നതിനുള്ള സന്ദർഭമുണ്ടാക്കുമെന്നും ജോയി മാധ്യമങ്ങളോട് പറഞ്ഞു.


തലസ്ഥാന ജില്ലയിൽ 73 പഞ്ചായത്തിൽ 35ഉം എൽഡിഎഫാണ് നേടിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന തദ്ദേശസ്ഥാപനങ്ങളിൽ പലതും ഇടതുപക്ഷത്തേക്കെത്തി. അഞ്ചുവർഷം ബിജെപി ഭരണത്തിന്റെ ദുരവസ്ഥയിൽ കഴിഞ്ഞ കള്ളിക്കാട്‌ പഞ്ചായത്ത്‌ എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച കരവാരം പഞ്ചായത്തിൽ 13 വാർഡ്‌ നേടി എൽഡിഎഫ്‌ ഭരണം പിടിച്ചെടുത്തു.

ബിജെപി ഒരു വാർഡിൽ ഒതുങ്ങി. ജില്ലയിൽ യുഡിഎഫിന്‌ 25ഉം എൻഡിഎയ്‌ക്ക്‌ ആറും പഞ്ചായത്തുകൾ ലഭിച്ചു. ഏഴിടത്ത്‌ ആർക്കും ഭൂരിപക്ഷമില്ല.മുനിസിപ്പാലിറ്റികൾ നാലും ഇടതിനൊപ്പം ഇക്കുറിയും നിലയുറച്ചു.


നെടുമങ്ങാട്‌ നഗരസഭയിൽ ആകെയുള്ള 42 വാർഡിൽ 29ലും എൽഡിഎഫിനാണ്‌ വിജയം. യുഡിഎഫിന്‌ 10 സീറ്റ്‌ ലഭിച്ചു. എൻഡിഎ മൂന്ന്‌ സീറ്റിലേക്ക്‌ ചുരുങ്ങി. നെയ്യാറ്റിൻകര നഗരസഭയിൽ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ വാർഡുകൾ നേടി. ഏഴ്‌ വാർഡുകൾ അധികം നേടി 25 ലേക്ക്‌ ഉയർന്നു. യുഡിഎഫ്‌ അഞ്ച്‌ വാർഡ്‌ കുറഞ്ഞ്‌ 12ലേക്കും എൻഡിഎ രണ്ട്‌ വാർഡ്‌ കുറഞ്ഞ്‌ ഏഴിലേക്കും കൂപ്പുകുത്തി. രണ്ട്‌ സ്വതന്ത്രരും വിജയിച്ചു.


വർക്കല നഗരസഭയിലും എൽഡിഎഫിന്‌ വാർഡ്‌ വർധിച്ചു. 12 ൽനിന്ന്‌ 16ലേക്ക്‌ ഉയർന്നു. യുഡിഎഫും ബിജെപിയും ഓരോ വാർഡ്‌ വീതം കുറഞ്ഞ്‌ ആറും പത്തും നേടി. രണ്ട്‌ സ്വതന്ത്രർ വിജയിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ 16 ഇടത്തും എൽഡിഎഫ്‌ വിജയിച്ചു.

യുഡിഎഫും എൻഡിഎയും ഏഴ്‌ വാർഡുവീതം നേടി. ജില്ലാപഞ്ചായത്തിൽ ആകെ 28 ഡിവിഷനിൽ 15ഉം എൽഡിഎഫ്‌ നേടി. യുഡിഎഫ്‌ 13 ഇടത്ത്‌ വിജയിച്ചു. 11 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ അഞ്ചെണ്ണം എൽഡിഎഫും ആറെണ്ണം യുഡിഎഫും നേടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home