print edition വി ഡി സതീശനെതിരെ ചട്ടലംഘന നോട്ടീസ് ; കേരള നിയമസഭയുടെ ചരിത്രത്തിലാദ്യം

തിരുവനന്തപുരം
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവിനെതിരെ ചട്ടലംഘന നോട്ടീസ്. പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മന്ത്രിമാർക്കെതിരെ നടത്തിയ മോശം പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നോട്ടീസ്. വി ജോയി എംഎൽഎയാണ് ചട്ടം 154 പ്രകാരം നോട്ടീസ് നൽകിയത്. മോശം പരാമർശങ്ങൾ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയും പ്രിവിലേജ് കമ്മിറ്റിയും പരിശോധിക്കണമെന്നാണ് ആവശ്യം.
കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നവർ എക്കാലവും സഭയ്‌ക്കും സഭാംഗങ്ങൾക്കും മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തരം കീഴ്‌വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്ന രീതിയാണ് വി ഡി സതീശനിൽനിന്ന് ഉണ്ടായതെന്നും വി ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയറ്റിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌താണ് വി ശിവൻകുട്ടിക്കെതിരെ തരംതാണ പ്രയോഗങ്ങൾ നടത്തിയത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്‌കൂൾ കലോത്സവ വേദിയിൽവച്ച് ഇതുപോലൊരു നല്ല വിദ്യാഭ്യാസ മന്ത്രി വേറെ ഉണ്ടായിട്ടില്ല’ എന്നാണ് സതീശൻ പറഞ്ഞത്. അതേ നാവുകൊണ്ടാണ് ദിവസങ്ങൾക്കുശേഷം മോശപ്പെട്ട പരാമർശങ്ങൾ നടത്തിയത്. നേരത്തേ മന്ത്രി വീണാജോർജിനെതിരെയും ചെയറിലിരുന്ന എം നൗഷാദിനെതിരെയും മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും വി ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീണ്ടും ന്യായീകരണം
മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയുള്ള അധിക്ഷേപത്തെ പരോക്ഷമായി ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. "അദ്ദേഹത്തിനെതിരെ കുറച്ച് കടന്നുപറഞ്ഞു, എന്നാല്‍ അവന്‍, ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല’– പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. പക്ഷേ, സോണിയാഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും സതീശൻ പറഞ്ഞു.










0 comments