വി ഡി സതീശന്റെ വാദം പൊളിഞ്ഞു ; മൗദൂദിയൻ മതരാഷ്ട്രവാദം പ്രചരിപ്പിക്കാൻ സോളിഡാരിറ്റി

മലപ്പുറം
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ യുവജന വിഭാഗമായ സോളിഡാരിറ്റി പരസ്യമായി രംഗത്ത്. ‘സയ്യിദ് മൗദൂദിയും ശൈഖ് ഖറദാവിയും: ഇസ്ലാമിക രാഷ്ട്രീയ ചിന്തയും വികാസവും' വിഷയത്തില്‍ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംവാദം സംഘടിപ്പിച്ചു. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മതരാഷ്‌ട്രവാദികളുടെ ആശയ പ്രചാരണവുമായി ജമാഅത്തെ യുവജന സംഘടന രംഗത്തിറങ്ങിയത്. ഇതോടെ യുഡിഎഫ് വെട്ടിലായി. തീവ്ര മതവാദ നിലപാട് ഉയർത്തിപ്പിടിച്ച ഇൗജിപ്‌ഷ്യൻ ബ്രദർഹുഡ് നേതാവാണ് ഖറദാവി.
മൗദൂദി ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി തീവ്ര നിലപാട് സ്വീകരിക്കുന്ന ബ്രദർഹുഡ് നേതാക്കളുടെ ആശയധാരയാണ് പിൻപറ്റുന്നത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ഇവർ അടുത്തകാലംവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും സമ്മതിദാനാവകാശം രേഖപ്പെടുത്തുകയും സർക്കാർ ജോലി സ്വീകരിക്കുകയും ചെയ്‌തിരുന്നില്ല. പിന്നീട് ഇതെല്ലാം തിരുത്തി.
തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്നവർ അടുത്തിടെ യുഡിഎഫിന്റെ ഭാഗമായി. കഴിഞ്ഞ രണ്ട് പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ഘടകകക്ഷിയെപ്പോലെയാണ് പ്രവർത്തിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നും മൗദൂദിയൻ ആശയങ്ങൾ പിന്തുടരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലമ്പൂരിൽ പറഞ്ഞത് വിവാദമായിരുന്നു.
മൗദൂദിയൻ ആശയ പ്രചാരണം പരസ്യമായി ഏറ്റെടുത്തതോടെ സതീശന്റെ വാദം പൊളിഞ്ഞു. കേരളം നിർണായക തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമ്പോൾ ജമാഅത്തെയുടെ നീക്കം തിരിച്ചടിയാകുമെന്ന ഭയം യുഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പിന് ജമാഅത്തെ ഉൾപ്പെടെ മുസ്ലിം മതമൗലികവാദ സംഘടനകളെ പരസ്യമായി കൂട്ടുപിടിച്ചാണ് യുഡിഎഫ് പ്രവർത്തനം. ജമാഅത്തെ ഇസ്ലാമി വിഷയങ്ങൾ ഏറ്റുപിടിക്കുന്ന ലീഗ് ഇസ്ലാം മതവിശ്വാസികൾക്കിടയിൽ തീവ്ര മതനിലപാടുകള്‍ വളരാന്‍ അവസരം ഒരുക്കുന്നുവെന്ന വിമർശവും ശക്ത മാണ്. ലീഗ് അനുകൂല സംഘടനയായ സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇ കെ വിഭാഗം) ഉൾപ്പെടെ വിവിധ മതസംഘടനകൾ ഇതിനെതിരെ നിരവധി തവണ പരസ്യ നിലപാടെടുത്തിരുന്നു.










0 comments