print edition ‘സതീശന് അദാനിയുമായി രഹസ്യബന്ധം’; കോഴിക്കോട് ഡിസിസിക്കുമുന്നിൽ ബാനർ

കോഴിക്കോട് ഡിസിസി ഓഫീസിനുമുന്നിൽ വി ഡി സതീശനെതിരെ ഉയർന്ന ബാനർ
കോഴിക്കോട്: ഡിസിസി ഓഫീസിനുമുന്നിൽ വി ഡി സതീശനെതിരെ ബാനറുമായി കെ സി വേണുഗോപാൽ അനുകൂലികൾ. ‘സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ’ എന്ന ബാനറാണ് കെ കരുണാകരൻ സ്‌മാരക മന്ദിരത്തിന് മുന്നിൽ ഉയർന്നത്. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയുമായി സതീശൻ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രവുമുണ്ട്.
‘സതീശന്റെ രഹസ്യ കൂടിക്കാഴ്‌ച എന്തിന്, പിആർ വേലയ്‌ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ, ജമാഅത്തെ ഇസ്ലാമിയോ, എസ്‌ഡിപിഐയോ’ എന്നീ ചോദ്യങ്ങളുമുണ്ട്. ബാനർ പിന്നീട് മാറ്റി.
തുപ്പൽ, സ്‌പ്രേ പെയിന്റിങ്; ഫ്ലക്സ് യുദ്ധത്തിൽ പുത്തൻ ഐറ്റങ്ങൾ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രിക്കായുള്ള ‘ഫ്ലക്‌സ് യുദ്ധം’ പുതിയ തലത്തിൽ. പാലഭിഷേകവും കരിഓയിലും വലിച്ചുകീറലും കഴിഞ്ഞ് തുപ്പൽ പ്രതിഷേധമാണ് പുതിയ ഐറ്റം. വി ഡി സതീശനുവേണ്ടി പ്രകടനം നടക്കുമ്പോൾ സംസ്ഥാനത്തെങ്ങും കൂറ്റൻ ബോർഡുകൾവച്ചാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ മറുപടി.തിരുവനന്തപുരത്ത് സതീശൻ അനുകൂലികൾ വെള്ളിയാഴ്‌ച നടത്തിയ പ്രകടനത്തിനിടെ, ഉമ്മൻചാണ്ടിയുടെ ചിത്രമടങ്ങിയ ബോർഡും നശിപ്പിച്ചു.
ഇതിനുപകരമായി കെപിസിസി ഓഫീസിനുമുന്നിൽ വേണുപക്ഷം ഉമ്മൻചാണ്ടിയുടെ ചിത്രമടങ്ങിയ ബോർഡ് സ്ഥാപിച്ചു. ‘ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ല’ എന്ന തലക്കെട്ടിലുള്ള ബോർഡിൽ സോളാർ കേസിന്റെ കാലത്ത് സതീശൻ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ കരുനീക്കങ്ങൾ എണ്ണിപ്പറഞ്ഞു.
‘ഉമ്മൻചാണ്ടി സർക്കാരിനെ തീവെട്ടിക്കൊള്ളക്കാരുടെ സംഘമെന്ന് വിശേഷിപ്പിച്ചത് ആര്? കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ദേശീയനേതൃത്വത്തെ സമ്മർദത്തിലാക്കിയത് ആര്? ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ ജില്ലകൾതോറും കൂലിപ്പട്ടാളത്തെ ഇറക്കി പ്രകടനം നടത്തിയത് ആര്? കോടികൾ മുടക്കി കൃത്രിമബുദ്ധിയാൽ പൊതുബോധം ഉണ്ടാക്കാമെന്നത് വ്യാമോഹം മാത്രം’– എന്നൊക്കെയാണ് വിവരണം. "കൂലിക്ക് ഇറക്കിയ ആളെക്കണ്ട് ഞങ്ങൾ പേടിച്ച് പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് സതീശനെതിരെയുള്ള പരാമർശം.
സെക്രട്ടറിയറ്റിനുമുന്നിലെ ബോർഡിലുള്ള വേണുഗോപാലിന്റെ ചിത്രത്തിൽ തുപ്പിയായിരുന്നു ചിലരുടെ രോഷപ്രകടനം. മലപ്പുറം ഡിസിസി ഓഫീസിനുമുന്നിലെ ചിത്രത്തിൽ സ്‌പ്രേ പെയിന്റടിച്ചു. പകരം ജനകീയ മുന്നണിയുടെ പേരിൽ സതീശന്റെ ഫ്ലക്സ് സ്ഥാപിച്ചു. കോഴിക്കോട് ഡിസിസി ഓഫീസിനുമുന്നിലെ സതീശന്റെ ഫ്ലക്‌സുകളിലും പോസ്റ്ററുകളിലും കരി ഓയിൽ ഒഴിച്ചു. സതീശന്റെ മണ്ഡലമായ പറവൂരിൽ വേണുഗോപാലിന്റെ ഫ്ലക്‌സുകൾ ഉയർന്നു.










0 comments