print edition വെനസ്വേലയിലെ കടന്നാക്രമണം: യുഎസ് ലോകത്തിന് ഭീഷണി- എം വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയ്‌ക്കുനേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിക്ഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും യുഎസ് സേന ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണ്. കാടത്തം നിറഞ്ഞ സമീപനമാണിത്. ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായപ്പോൾ എണ്ണക്കമ്പനികളെ ദേശസാൽകരിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ ശ്രമം നടത്തി.ഷാവേസിന്റെ കാലശേഷം വെനസ്വേലയെ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം. അതിന് തടയിട്ട പ്രസിഡന്റ് മഡൂറോയെയും അട്ടിമറിക്കാൻ ശ്രമമുണ്ടായി.
2014മുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. കുറച്ച് ആഴ്ചകളായി വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സേനകളെ അണിനിരത്തിയിരിക്കുകയായിരുന്നു. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേല എന്ന രാജ്യത്തിന്റെ പരാമാധികാരത്തിൽ കടന്നുകയറുന്നത് കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ്. ഇതിനെതിരായി എല്ലായിടത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് എല്ലാ പാർടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു – എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments