"ആ വാചകങ്ങൾക്ക് എന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്"; മുഖ്യമന്ത്രിയുടെ ചിത്രത്തിൽ അതിജീവിത

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പങ്കുവെച്ച്, കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ ‘Love you to moon and back’ എന്നെഴുതിയ ചായക്കപ്പ് കയ്യിൽപിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം ചർച്ചയായിരുന്നു. യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗംചെയ്‌ത കേസിൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യ കേസിലെ പരാതിക്കാരി എഴുതിയ കുറിപ്പിൽ ഈ വാചകമുണ്ടായിരുന്നു. മുഖ്യമന്ത്രി പ്രകടിപ്പിച്ച ഐക്യദാർഢ്യത്തോടാണ് ഇപ്പോൾ അതിജീവിത പ്രതികരിച്ചിരിക്കുന്നത്.
ആ വാചകങ്ങൾക്ക് എന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്- എന്നാണ് അതിജീവിത മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. കേരളത്തിനെതിരെ കേന്ദ്രസർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഈ ചായക്കപ്പ് ഉപയോഗിച്ചത്.
മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ, പിറക്കാതെ പോയ കുഞ്ഞിനോട് ക്ഷമാപണം നടത്തി വൈകാരിക കുറിപ്പ് അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. "കുഞ്ഞാറ്റേ... അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു... ' എന്ന കുറിപ്പിലെ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.
"ദൈവമേ, സഹിക്കാൻ കഴിയാത്ത വേദനയും വഞ്ചനയും നേരിട്ടിട്ടും ഞങ്ങൾക്ക് നിലനിൽക്കാൻ ധൈര്യം തന്നതിന് നന്ദി. ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് നീ കണ്ടു, ലോകത്തിന്റെ ഒരു കോണിലേക്കും എത്താത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരത്തെ കടന്നാക്രമിച്ചപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ അടർത്തിമാറ്റിയപ്പോഴും നീ താങ്ങായി. ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് യോഗ്യനല്ലാത്ത, തെറ്റായ വ്യക്തിയെ അച്ഛനാകാന്‍ തെരഞ്ഞെടുത്തതിന്. അവരുടെ ആത്മാക്കൾ ശാന്തമായി വിശ്രമിക്കട്ടെ. സംരക്ഷിക്കാൻ പരാജയപ്പെട്ട ഒരു ലോകത്തിൽനിന്ന് യാത്രയായി അക്രമമില്ലാത്ത, ഭയമില്ലാത്ത ഒരിടത്താണ് അവരുള്ളത്. ഞങ്ങളുടെ കണ്ണുനീർ കാണാനാകുന്നുണ്ടെങ്കിൽ അവരോട് പറയണം: അമ്മ ഒരിക്കലും നിങ്ങളെ മറന്നിട്ടില്ല, നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്, ആത്മാവും പ്രധാനമാണ്, നമ്മൾ വീണ്ടും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തില്‍ നിന്നെ സൂക്ഷിക്കും, കുഞ്ഞാറ്റേ...അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു..’– ഇങ്ങനെയാണ് കുറിപ്പ്.
സമാനമായ മറ്റ് രണ്ടുകേസിലും ഒളിവിൽപോയി ജാമ്യംനേടിയ മാങ്കൂട്ടത്തിൽ മൂന്നാമത്തെ കേസിലാണ് കുടുങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മുപ്പത്തിയൊന്നുകാരിയുടെ പരാതിയിൽ ശനി രാത്രി 12.30ഓടെ പാലക്കാട് കെപിഎം ഹോട്ടലിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എൻ മുരളീധരനും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് എംഎൽഎയെ മാവേലിക്കര സ്‌പെഷൽ സബ്ജയിലിലടച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാംകോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. സുരക്ഷ കണക്കിലെടുത്ത് മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്‌ക്കാണ് പാർപ്പിച്ചിരിക്കുന്നത്. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ അതിജീവിതമാരെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷകസംഘത്തിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.










0 comments