print edition ഉറുദു ഭാഷാദിനം ഇന്ന്: മുല്ലപ്പെരിയാറിൽ തെളിയുന്നു കുമളിയുടെ ഉറുദു ബന്ധം

കെ എ അബ്‌ദുൾ റസാഖ്
Published on Nov 09, 2026, 12:25 AM | 1 min read
കുമളി: തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കുമളിക്ക് ഉറുദു ഭാഷയുമായി ആഴത്തിലുള്ള ചരിത്രബന്ധം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിന് തമിഴ്‌നാട്ടിൽ നിന്നെത്തിയവരുടെ പിൻതലമുറയാണ് ഉറുദുവിനോടുള്ള സ്‌നേഹം ഇപ്പോഴും സൂക്ഷിക്കുന്നത്. നാൽപ്പതോളം കുടുംബങ്ങളിലായി നൂറ്റമ്പതിലേറെപ്പേർ ഉറുദു സംസാരിക്കുന്നവരാണ്. തലമുറയേറെ പിന്നിട്ടിട്ടും, വീടുകളിലും സമുദായത്തിനുള്ളിലെ ആശയവിനിമയങ്ങൾക്കും ഇവർ മാതൃഭാഷയായ ഉറുദു തന്നെ ഉപയോഗിക്കുന്നു. പഠനത്തിലും ദൈനംദിന ജീവിതത്തിലും മലയാളവും കൈവിടുന്നില്ല.
മുൻ കുമളി എസ്‌ബിടി ചീഫ് കാഷ്യറായിരുന്ന ജാനി ബാഷയെപ്പോലുള്ള മുതിർന്ന തലമുറക്കാർക്ക് ഹൈറേഞ്ചിലേക്കുള്ള ഉറുദു കുടുംബങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചും ചരിത്രവഴികളെക്കുറിച്ചും ഓർമകളേറെയുണ്ട്. ഇവരുടെ രണ്ട് തലമുറയ്ക്ക് അപ്പുറമുള്ള കുടുംബാംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണഘട്ടത്തിൽ തമിഴ്നാട്ടിൽനിന്ന് എത്തിയവരാണ്. അണക്കെട്ടിലേക്ക് ഉണ്ടായിരുന്ന ടെലഫോൺ പ്രവർത്തനവുമായി ബന്ധപ്പെട്ടും മറ്റ് അനുബന്ധ നിർമാണങ്ങളുമായി ബന്ധപ്പെട്ടുമാണ് തങ്ങളുടെ കുടുംബാംഗങ്ങൾ കുമളിയിലെത്തിയതെന്ന് ജാനി ബാഷാ പറയുന്നു.









0 comments