യുഎൻ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ

ഊരാളുങ്കൽ സൊസൈറ്റി ചീഫ് പ്രോജക്ട് കോ- ഓർഡിനേറ്റർ ടി കെ കിഷോർ കുമാർ
കോഴിക്കോട്: ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ അനുഭവാവതരണം. ‘സഹകരണ ധനകാര്യ സ്ഥാപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ഊരാളുങ്കൽ മാതൃക അവതരിപ്പിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ചീഫ് പ്രോജക്ട് കോ- ഓർഡിനേറ്ററും ഇന്റർനാഷണൽ കോ- ഓപറേറ്റീവ് അലയൻസ്– ഏഷ്യ ആൻഡ് പസഫിക്കിന്റെ കമ്മിറ്റി ഓൺ അഗ്രികൾചർ ആൻഡ് എൻവയോൺമെന്റ് വൈസ് ചെയർപേഴ്സണുമായ ടി കെ കിഷോർ കുമാർ അവതരണം നടത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ അഫയേഴ്സ്, ഇന്റർനാഷണൽ കോ- ഓപറേറ്റീവ് ബാങ്കിങ് അസോസിയേഷൻ, ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസ് എന്നിവ ചേർന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. സിമ്പോസിയത്തിന്റെ ആദ്യദിനത്തിൽ ‘സമ്പ്രദായങ്ങൾ– സഹകരണസ്ഥാപനങ്ങളുടെ പരസ്പരസഹകരണവും ധനലഭ്യതയും’ എന്ന വട്ടമേശ സമ്മേളനത്തിലായിരുന്നു അവതരണം.
സമഗ്രവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിൽ സഹകരണധനകാര്യത്തിന്റെ പങ്കു ചർച്ചചെയ്യാൻ ഒരുക്കിയ സഹകരണധനകാര്യസ്ഥാപനങ്ങൾ, സർക്കാരുകൾ, വികസനയേജൻസികൾ, അന്താരാഷ്ട്രസംഘടനകൾ എന്നിവയിലെ ആഗോളനേതാക്കളുടെ സംയുക്തവേദി ആയിരുന്നു സിമ്പോസിയം.










0 comments