അടൂർ പ്രകാശിനെ ഉടൻ ചോദ്യം ചെയ്യും
print edition അടൂർ പ്രകാശിനൊപ്പം സോണിയ ഗാന്ധിയെ കണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം
അടൂർ പ്രകാശിനൊപ്പം സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ച് പ്രത്യേക അന്വേഷക സംഘത്തോട് വെളിപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റി. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സോണിയയെ ഡൽഹിയിലെത്തി സന്ദർശിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷക സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെയും ഉടൻ ചോദ്യം ചെയ്യും. ഈ വിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് കൈമാറും.
കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്തെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍,സ്വർണം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴികൊടുത്തു. കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനുമൊക്കെ കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്.
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്.
2004ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ്.ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരായിരുന്നു അന്ന് പോറ്റിയുടെ സംരക്ഷകർ.
കട്ടിളയ്ക്ക് മുകളിലെ സ്വർണം കവർന്നതിലും അന്വേഷണം
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിലെ ഏഴ് പാളികളിലെ സ്വർണവും കവർന്നതായി പ്രത്യേക അന്വേഷക സംഘം (എസ്ഐടി). കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കാള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് മുന്നിൽ ഹാജരാക്കി.109. 243 ഗ്രാം സ്വർണമാണ് എസ്ഐടിക്ക് കൈമാറിയത്.
42.1 കിലോ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതമുപയോഗിച്ച് സ്വർണം വേർതിരിച്ച് കട്ടയാക്കിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.










0 comments