വിദേശപഠനം സാധ്യമായത് 1104 വിദ്യാർഥികൾക്ക് ; ചരിത്രനേട്ടവുമായി ഉന്നതി ഓവർസീസ് സ്‌കോളർഷിപ്

മിൽജിത് രവീന്ദ്രൻ
Published on Sep 12, 2025, 01:51 AM | 1 min read
തിരുവനന്തപുരം
പട്ടിക, പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദേശപഠനം സാധ്യമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി ചരിത്രനേട്ടത്തിലേക്ക്.1104 വിദ്യർഥികൾക്കാണ് ഇതിലൂടെ വിദേശ സർവകലാശാലകളിൽ പഠിക്കാനായത്. 213.86 കോടിയാണ് സർക്കാർ പദ്ധതിക്കായി ചെലവിട്ടത്. ഇൗ അധ്യയന വർഷം 310 പേർക്കുകൂടി പ്രവേശനം ലഭിച്ചിട്ടുണ്ട്. ആയിരത്തിലേറെ വിദ്യാർഥികളെ വിദേശപഠനത്തിന് അയച്ചതിന്റെ പ്രഖ്യാപനവും ഇൗ വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2016ലെ എൽഡിഎഫ് സർക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2023 മുതൽ വർഷം 310 പേർക്ക് സ്‌കോളർഷിപ് നൽകുന്നുണ്ട്. പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം വരെയും പിന്നാക്കക്കാർക്ക് 10 ലക്ഷം രൂപവരെയുമാണ് നൽകുന്നത്. പട്ടികജാതി വിഭാഗത്തിലെ 835പേരും പട്ടികവർഗ വിഭാഗത്തിലെ 95 പേരും പിന്നാക്ക വിഭാഗത്തിലെ 174 പേർക്കുമാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ഇവർക്ക് സ്കോളർഷിപ്പ് ഇനത്തിൽ യഥാക്രമം 184.98 കോടി, 16. 75 കോടി, 12.12 കോടി ഉൾപ്പെടെ 213.86 കോടി രൂപയാണ് ചെലവിട്ടത്.
ജനുവരി മുതൽ മാർച്ച് വരെ അപേക്ഷ സ്വീകരിച്ച് മേയിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കും. ഒഡെപെക് മുഖേനയാണ് ഇത് പൂർത്തിയാക്കുന്നത്. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, സയൻസ്, അഗ്രികൾച്ചർ, മാനേജ്മെന്റ, നിയമം, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിനാണ് സ്‌കോളർഷിപ്പ് നൽകുന്നത്. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണനയുണ്ട്.








0 comments