print edition കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് സാധാരണക്കാരായ തൊഴിലാളികളെ വഞ്ചിക്കുന്നതും വൻകിട കോർപറേറ്റ് താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസിത് ഭാരത് എന്ന മുദ്രാവാക്യം വിളിക്കുമ്പോഴും രാജ്യത്തിന്റെ നട്ടെല്ലായ തൊഴിലാളി വർഗത്തെ ബജറ്റ് പൂർണമായും കൈവിട്ടു. കോർപറേറ്റ് മേഖലയ്ക്ക് വൻതോതിൽ നികുതി ഇളവുകളും ‘സേഫ് ഹാർബർ' ആനുകൂല്യങ്ങളും പ്രഖ്യാപിച്ച ബജറ്റ്, സാധാരണ തൊഴിലാളികളുടെ വേതന വർധനയ്‌ക്കോ സാമൂഹിക സുരക്ഷയ്ക്കോ വേണ്ടി ഒന്നും നീക്കിവച്ചിട്ടില്ല. 350-ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും ലേബർ കോഡുകൾ വിജ്ഞാപനം ചെയ്‌തെന്നും ധനമന്ത്രി അഭിമാനത്തോടെ പറയുന്നു. എന്നാൽ ഇവയൊക്കെയും തൊഴിലാളികളുടെ ദശാബ്ദങ്ങളായുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കാനും തൊഴിലുടമകൾക്ക് ഏകപക്ഷീയമായ അധികാരം നൽകാനുമുള്ള നീക്കങ്ങളാണ്. എംഎസ്എംഇ മേഖലയിലെ കോർപറേറ്റ് മിത്ര പോലുള്ള പദ്ധതികൾ തൊഴിലാളികളുടെ യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരമല്ല.
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ കേന്ദ്ര ബജറ്റിൽ പൂർണമായും അവഗണിച്ചത് ദൗർഭാഗ്യകരമാണ്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർധനയ്‌ക്കോ ഊന്നൽ നൽകാത്ത ബജറ്റാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള ‘സമഗ്ര ശിക്ഷാ' തുടങ്ങിയ പദ്ധതികൾക്ക് നാമമാത്രമായ വർധന മാത്രമാണ് ലഭിച്ചത്. അതാകട്ടെ കേരളത്തിന് നൽകുന്നുമില്ല. സ്കൂൾ കുട്ടികൾക്കായി ഇൻഷുറൻസ് പദ്ധതി, ബിരുദതലം വരെ സർവത്രിക സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെ വിഭാവനം ചെയ്ത കേരള ബജറ്റിൽനിന്ന് കേന്ദ്രം പഠിക്കണം. കേരളം പൊതുവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകുമ്പോൾ കേന്ദ്രം ഈ മേഖലയെ പിന്നോട്ട് തള്ളുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കും
തിരുവനന്തപുരം: കാർഷിക മേഖലയിലെ ബജറ്റ് വിഹിതം 2.4ശതമാനമാക്കി കുറച്ചത് കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കൃഷിയെ പിന്തുണയ്ക്കേണ്ട പ്രധാന ഇനങ്ങളിൽ വൻ കുറവാണ് പ്രകടമാകുന്നത്. റബ്ബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുക, നെല്ലിന് ഉൽപ്പാദന ചെലവ് അടിസ്ഥാനമാക്കി 40 രൂപ താങ്ങുവില നിശ്ചയിക്കുക, കർഷകത്തൊഴിലാളി പെൻഷൻ അനുവദിക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കേന്ദ്ര– സംസ്ഥാന അനുപാതം 80:20 എന്ന് നിശ്ചയിക്കുക, കാർഷിക മേഖലയിലെ വന്യമൃഗശല്യം നേരിടാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുക തുടങ്ങി സംസ്ഥാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
കൃഷിയെ പ്രാദേശികമായി വികസിപ്പിക്കുകയോ കർഷക വരുമാനം വർധിപ്പിക്കുകയോ ചെയ്തില്ല. കാലാവസ്ഥാ പ്രതിസന്ധി നേരിടാനും പദ്ധതിയില്ല. കാർഷിക കടബാധ്യത ദേശീയതലത്തിൽ രൂക്ഷമായിട്ടും കടാശ്വാ സ പാക്കേജോ പലിശ ഇളവോ ഉൾപ്പെടുത്തിയിട്ടില്ല. റ ബ്ബർ, കുരുമുളക്, കാപ്പി, തെങ്ങ് കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. എന്നാൽ, സംസ്ഥാന സർക്കാർ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം: ജോസ് കെ മാണി
കോട്ടയം: കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. കേരളമെന്ന സംസ്ഥാനം ഇന്ത്യയിലില്ല എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ പൂർണമായും കേന്ദ്ര ബജറ്റിൽ അവഗണിച്ചു. ഇത് ഒരു ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. വേഗ റെയിൽ ഇടനാഴിയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തുമെന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാര്യമാണ്.
രാജ്യത്ത് 12 പുതിയ ജലപാതകൾ പ്രഖ്യാപിച്ചതിലും കേരളമില്ല. എയിംസ് ഇത്തവണയും കേരളത്തിന് നിഷേധിച്ചു. വിദ്യാഭ്യാസ മേഖലയിലും പൂർണമായും അവഗണിച്ചു. എന്തു സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
പ്രകടമായത് കേന്ദ്ര വൈര്യം
തിരുവനന്തപുരം: ഇന്ത്യൻ യൂണിയനിൽപ്പെട്ട സംസ്ഥാനമാണെന്ന ഭരണഘടനാപരമായ പരിഗണനപോലും നൽകാതെ കേന്ദ്രഭരണകൂടവും നിയന്ത്രിക്കുന്ന സംഘപരിവാറും ബജറ്റിലൂടെ കാണിച്ചത് രാഷ്‌ട്രീയവൈര്യമെന്ന് കോൺഗ്രസ് എസ്. ക്രൂരമായ അവഗണനയ്ക്കെതിരെ പ്രതിഷേധമുയരണമെന്ന് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്‌താവനയിൽ അഭ്യർഥിച്ചു.










0 comments