ആറ്റുകാൽ പൊങ്കാല
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ പ്രവർത്തനവും സേവനങ്ങളും

തിരുവനന്തപുരം : ലക്ഷങ്ങളാണ് ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാന
നഗരിയിലെത്തിയത്. തമ്പാനൂരിലെത്തിയതു മുതൽ പൊങ്കാലയിട്ട് മടങ്ങുന്നത് വരെ സ്ത്രീകൾക്ക് വേണ്ടുന്ന സേവനങ്ങളെല്ലാം സജ്ജമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനും കേരള സർക്കാരും എക്കാലത്തെയും വെല്ലുന്ന രീതിയിൽ പരാതികളൊന്നും ഇല്ലാതെ തന്നെ പൊങ്കാല പൂർത്തിയാക്കി. അടുപ്പിന്റെ സ്ഥാനം പിടിക്കുവാനായി പൊങ്കാലയുടെ തലേന്ന് തന്നെ ആയിര കണക്കിന് സ്ത്രീകളാണ് എത്തിയത്. അവരിൽ പലരും അന്തിയുറങ്ങിയത് റോഡരികിലായിരുന്നു. മോഷണമോ മറ്റു ആക്രമണങ്ങളോ ഇല്ലാതെ വിട്ടു വീഴ്ചകളില്ലാത്ത സുരക്ഷാ പ്രവർത്തനവും മാതൃകാപരമായിരുന്നു.
98 കെഎസ്ആർടിസി ബസു ഉപയോഗിച്ചാണ് സുഗമമായ ഗതാഗത ക്രമീകരണം നടത്തിയത്. പൊങ്കാലയിടുന്നതിന് ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുകയും ചെയ്യുന്നതിനുള്ള ക്രമീകരണം കെഎസ്ആർടിസി ഇത്തവണ ക്രമീകരിച്ചിരുന്നു. അതിനാൽ തന്നെ പൊങ്കാലയ്ക്ക് ശേഷം ഗതാഗത കുരുക്ക് ഒഴിവായി.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരിട്ട് വിലയിരുത്തി. കഠിനമായ ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ സജ്ജമായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിസിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു.
ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകളും ആറ്റുകാലിൽ മികച്ച രീതിയിൽ സേവനങ്ങൾ നൽകി.
ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് പൊങ്കാല പ്രവർത്തനങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ പൂർത്തീകരിച്ചത്. പൊങ്കാല ഇടാനെത്തിയവർ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി, പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസും ഉപയോഗിച്ചു. അന്നദാനവും കുടിവെള്ളവിതരണവും നടത്തിയവരുമടക്കം ഇക്കാര്യത്തിൽ ജാഗരൂപരായിരുന്നു. ഈ കേന്ദ്രങ്ങളിൽ കോർപറേഷന്റെ പ്രത്യേക സ്ക്വാഡിന്റെ പരിശോധനകളും ഉറപ്പു വരുത്തി.
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കിയത്. പൊങ്കാല സമാപിച്ച് അല്പ സമയത്തിനുള്ളിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും സാധിച്ചു. അതിന് നേതൃത്വം നൽകിയത് കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികളും ഹരിത കർമ്മ സേനാംഗങ്ങളുമടക്കം 3204 ശുചീകരണതൊഴിലാളികളായിരുന്നു. ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ ആധുനിക സംവിധാനമുപയോഗിച്ചാണ് വെള്ളം തെളിച്ചത്. ഇഷ്ടികകളും മാലിന്യങ്ങളും നീക്കിയശേഷം ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് തെളിച്ചത്.









0 comments