ad
Deshabhimani

'യുഡിഎഫ് ഭീഷണി'; ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് മുൻ പിആർഡി ഉദ്യോഗസ്ഥൻ

പിആർഡി ഉദ്യോഗസ്ഥർക്ക് യുഡിഎഫ് ഭീഷണി'; കോടികൾ വാങ്ങിയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മുൻ ഉദ്യോഗസ്ഥൻ

വി ഡി സതീശൻ (ഇടത്) കെ മുരളീധരൻ (വലത്)

വെബ് ഡെസ്ക്

Published on Mar 06, 2026, 05:10 PM | 2 min read

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെയും നിലവിലെ എൽഡിഎഫ് സർക്കാരിന്റെയും ഭരണനേട്ടങ്ങൾ താരതമ്യം ചെയ്തുള്ള പരസ്യം പ്രസിദ്ധീകരിച്ചതിന് പിആർഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനം. പിആർഡി ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കുമെന്നും പെൻഷൻ നൽകില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെ മുരളീധരന്റെയും ഭീഷണികൾ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തലാണെന്ന് പിആർഡിയിൽ അഡീഷണൽ ഡയറക്ടറായി വിരമിച്ച എൻ ഇ മേഘനാഥ് വ്യക്തമാക്കി.

സർക്കാർ നയമനുസരിച്ച് ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യം നിർവ്വഹിക്കുമ്പോൾ, അധികാരത്തിലെത്തിയാൽ ഉപദ്രവിക്കുമെന്ന് പറയുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പരസ്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരമല്ല


പിആർഡി സർക്കാരിന്റെ പ്രചാരണ വിഭാഗമാണ്. ഒരു ഉദ്യോഗസ്ഥൻ സ്വമേധയാ കാര്യങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നില്ല. ഭരണതലത്തിലുള്ളവർ ആവശ്യപ്പെടുന്ന രീതിയിൽ പരസ്യം തയ്യാറാക്കി, വിവിധ തലങ്ങളിൽ പരിശോധിച്ച് മന്ത്രിതല അനുമതിയും പിആർഡി ഡയറക്ടറുടെ ഉത്തരവും ലഭിച്ച ശേഷമാണ് മാധ്യമങ്ങൾക്ക് നൽകുന്നത്. ഇതിനായി പ്ലാൻ - നോൺ പ്ലാൻ ശീർഷകങ്ങളിൽ ബജറ്റിൽ പണം വകയിരുത്താറുണ്ട്.


പിഎസ്‌സി വഴിയാണ് പിആർഡിയിൽ നിയമനം. ഏത് സർക്കാരായാലും അവരുടെ നയപരിപാടികൾക്കനുസൃതമായാണ് വകുപ്പ് പ്രവർത്തിക്കുക. മുൻ സർക്കാരിനേക്കാൾ മികവ് തങ്ങൾക്കാണെന്ന അവകാശവാദം എല്ലാ സർക്കാരുകളും ഉന്നയിക്കാറുള്ളതാണ്. അതിൻ്റെ പേരിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല.


വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ്


യുഡിഎഫ് അനുകൂല പത്രങ്ങളായ മനോരമ, മാതൃഭൂമി, വീക്ഷണം,ചന്ദ്രിക ഒഴികെ മറ്റെല്ലാ മാധ്യമങ്ങളും പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. മനോരമയുടെയും മാതൃഭൂമിയുടെയും ഇരട്ടത്താപ്പും അദ്ദേഹം തുറന്നുകാട്ടി.


കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് (2015 മാർച്ച് 23 മുതൽ) എൽഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള 16 പേജ് മൾട്ടികളർ പുൾഔട്ട് മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചിരുന്നു. പിആർഡി ഡയറക്ടറുമായി പ്രത്യേക കരാറുണ്ടാക്കി,സ്വന്തം പ്രസിൽ അച്ചടിച്ച് പത്രത്തിനൊപ്പം വിതരണം ചെയ്ത് മൂന്ന് കോടിയിലേറെ രൂപയാണ് ഈ രണ്ട് പത്രങ്ങളും കൈപ്പറ്റിയത്. അന്ന് സർക്കാരിന് വേണ്ടി പുൾഔട്ട് ഇറക്കി കോടികൾ വാങ്ങിയവരാണ് ഇപ്പോൾ 'ധൂർത്ത്' ആരോപിക്കുന്നത്.


മാധ്യമങ്ങൾ സർക്കാർ ചെയ്ത കാര്യങ്ങളെ പൂർണ്ണമായി അവഗണിക്കുബോൾ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ പുതിയൊരു സങ്കേതം ഉപയോഗിച്ചു എന്നതിൽ നിയമവിരുദ്ധത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home