'അക്രമ ഷോ’യ്‌ക്കുപിന്നാലെ പൊലീസിനുനേരെ കൊലവിളി; പേരാമ്പ്രയിൽ യുഡിഎഫിന്റെ കലാപനീക്കം

പേരാമ്പ്ര: പേരാമ്പ്രയിലെ കോൺഗ്രസ് ‘അക്രമ ഷോ’യ്‌ക്കുപിന്നാലെ പൊലീസുകാരെയും കുടുംബാംഗങ്ങളെയും ആക്രമിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ. ഷാഫി പറമ്പിൽ എംപിയെ മർദിച്ചെന്ന് ആരോപിച്ചാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ ഭീഷണിയും കൊലവിളിയും.
‘തല്ലിയവരെ നോക്കിവച്ചിട്ടുണ്ട്, ഒരു പൊലീസുകാരനെയും വെറുതേവിടില്ല’ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പേരാന്പ്രയിലെ യുഡിഎഫ് യോഗത്തിൽ ഭീഷണിമുഴക്കിയിരുന്നു. പിന്നാലെയാണ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും സൈബറിടത്തിൽ തെറിയും ഭീഷണിയും ഉയർത്തുന്നത്.
പൊലീസുകാരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളടക്കം പ്രദർശിപ്പിച്ചാണ് തല്ലാനും കൊല്ലാനുമുള്ള ആഹ്വാനം. യുഡിഎഫുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎസ്‌പിമാർക്കടക്കം ഭീഷണിയുണ്ട്. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽ കുമാറിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വെള്ളിയൂരിലെ വിഷ്ണു വത്സൻ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
"കളിച്ചത് ഷാഫിയോടാണ് മറക്കേണ്ട, പിണറായിയുടെ ജയിലിലേക്കല്ല, തിഹാറിലേക്ക് പോകാം, പുറത്തിറങ്ങാൻ സമ്മതിക്കില്ല’ എന്നിങ്ങനെയാണ് പോസ്റ്റുകൾ. അതിനിടെ, പേരാമ്പ്ര സ്റ്റേഷനിലെ ഡ്യൂട്ടി വിവരങ്ങൾ കോൺഗ്രസ് അനുകൂലികളായ ചില പൊലീസുകാർ യുഡിഎഫ് സൈബർ ഗ്രൂപ്പുകൾക്ക് നൽകുന്നതായും പരാതിയുണ്ട്.









0 comments