യുഡിഎഫ് ഭരണസമിതിയുടെ കൊടിമരക്കൊള്ള
print edition സംഭാവന കിട്ടിയ സ്വർണമെവിടെ ?

തിരുവനന്തപുരം
കൊടിമര പുനഃപ്രതിഷ്‌ഠയുടെ മറവിൽ യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ശബരിമലയിൽ നടത്തിയത് വമ്പൻ കൊള്ളയെന്ന് സ്ഥിരീകരിച്ച് വിജിലൻസ്. കൊടിമരം പുനർനിർമിക്കാൻ മുഴുവൻ പണവും ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് നൽകിയിട്ടും ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന്റെയും അംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നടക്കം വ്യാപക പണപ്പിരിവ് നടത്തി.
തന്ത്രി കണ്ഠര് രാജീവരും അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പും ഇതിന് കൂട്ടുനിന്നതായും ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സംഘവും സഹായിച്ചതായും സൂചനയുണ്ട്. പലരും സ്വർണവും വെള്ളിയും സംഭാവന നൽകിയിട്ടുണ്ട്. ഇതിന് പുറമെ കൊടിമരത്തിനായി തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ സ്വർണം ഉരുക്കൽ ചടങ്ങ് നടക്കുമ്പോഴും ചെറുതും വലുതുമായി നിരവധി പേർ സ്വർണം നൽകി. ഇത്തരത്തിൽ ലഭിച്ച പണത്തിനും സ്വർണത്തിനുമൊന്നും ഒരു രേഖയുമില്ല. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഈ വിവരങ്ങളില്ല. ഫീനിക്‌സ് ഗ്രൂപ്പ് പണം നൽകിയത് മറച്ചുവച്ച് നടത്തിയ പണപ്പിരിവിൽ സിനിമാ താരങ്ങളും വ്യവസായികളും ഉൾപ്പെടെ 27 പേർ സ്വർണവും പണം നൽകിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇൗ റിപ്പോർട്ട് പ്രകാരം അന്വേഷണം ആരംഭിച്ച വിജിലൻസ് പണവും സ്വർണവും നൽകിയവരുടെയും കൊടിമരം നിർമിച്ച മുഖ്യശിൽപി പരുമല അനന്തൻ ആചാരിയുടെയും മൊഴിയെടുത്തിരുന്നു. കൂടുതൽ രേഖകളും ദേവസ്വം ബോർഡ് ഓഫീസിൽനിന്ന് ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ 50ലധികം പേർ സ്വർണം നൽകിയെന്നാണ് വി വരം.
കൊടിമരം മാറ്റുമ്പോൾ പഴയ കൊടിമരത്തിലെ സ്വർണവും വിലപ്പെട്ട വസ്‌തുക്കളും സൂക്ഷിക്കണമെന്ന കോടതി നിർദേശവും പാലിച്ചില്ല. കൊടിമരം നിർമാണത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയും അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. സുരേഷ് ഗോപി, മനോജ് കെ ജയൻ, രൺജി പണിക്കർ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ സ്വർണം നൽകിയെന്നും ഫീനിക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കപ്പള്ളിയാണ് സ്വർണക്കൊടിമരം സമർപ്പിച്ചതെന്നും ഡോക്യുമെന്ററിയിലുണ്ട്.
അജയ് തറയിലിനെയും എഎസ്‌പി കുറുപ്പിനെയും ചോദ്യം ചെയ്യും
കേസിൽ കോൺഗ്രസ് നേതാവായ അജയ് തറയിലിനയും ഹൈക്കോടതി നിയോഗിച്ച അന്നത്തെ അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പിനെയും വിജിലൻസ് ഉടൻ ചോദ്യംചെയ്യും. ഗൂഢാലോചന തെളിഞ്ഞാൽ പ്രതിചേർത്ത് അറസ്റ്റിലേക്ക് കടക്കും. ചിതലരിച്ചെന്ന് പറഞ്ഞ് കോൺക്രീറ്റ് അടിത്തറയുള്ള കൊടിമരം മാറ്റി സ്ഥാപിച്ചതിലും കോടികൾ വിലയുള്ള വാജിവാഹനം തന്ത്രിക്ക് കെെമാറിയതിലും അന്വേഷണം നടക്കുക യാണ്.
30 ദിവസത്തിനകം റിപ്പോർട്ട് നൽകണം ; വിജിലൻസിന് ഹൈക്കോടതി നിർദേശം
കൊടിമരക്കൊള്ളയിൽ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹെെക്കോടതി നിർദേശം. ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം.
ഡിവെെഎസ്‌പി സി എസ് ഹരിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും വിജിലൻസ് കോടതിയെ അറി യിച്ചു. 2017ലെ യുഡിഎഫ് ഭരണസമിതി പ്രസിഡന്റായിരുന്ന, അന്തരിച്ച പ്രയാർ ഗോപാലകൃഷ്‌ണൻ, കോൺഗ്രസ് നേതാവും ബോർഡ് അംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ കൊടിമരം മാറ്റിവച്ചതിൽ സംഘടിതകൊള്ളയും ദേവസ്വത്തിന്റെ വിലയേറിയ വസ്‌തുക്കളുടെ ദുരുപയോഗവും നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് ഹെെക്കോടതി വിജിലൻസ് അന്വേഷണത്തിന് നിർദേശിച്ചിരുന്നത്. കൊടിമരം മാറ്റിസ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കെെമാറിയതിലും വിശദ അന്വേഷണത്തിനാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
സാമ്പിൾ ദേശീയ ലബോറട്ടറിയിൽ
ശബരിമല സ്വർണമോഷണക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷകസംഘം ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്തെ സ്വർണപ്പാളികളിൽനിന്ന് ശേഖരിച്ച പുതിയ സാമ്പിൾ സൂക്ഷ്‌മമായ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചെന്നും അറിയിച്ചു.
എക്‌സ്‌റേ ഫ്ലൂറസൻസ് സ്‌പെക്‌ട്രോസ്‌കോപ്പി, ഒപ്ടിക്കൽ എമിഷൻ സ്‌പെക്‌ട്രോസ്‌കോപ്പി തുടങ്ങിയ പരിശോധനകളാണ് നടത്തേണ്ടത്. ഇത് സൗജന്യമായി വേഗം പൂർത്തിയാക്കാമെന്നും ജംഷഡ്പുർ ലാബ് അറിയിച്ചിട്ടുണ്ട്. രണ്ട് കേസിൽ ദ്വാരപാലക ശിൽപ്പപാളി, ശ്രീകോവിൽ വാതിൽ എന്നിവയിൽനിന്ന് ശേഖരിച്ച 36 സാമ്പിളാണ് അയച്ചിട്ടുള്ളത്.
പ്രതികളുടെ ഫോൺ വിവരങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ, ജിയോ, എയർടെൽ കമ്പനികൾക്ക് അപേക്ഷ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകി. സേവനദാതാക്കൾ പരമാവധി വിവരം ലഭ്യമാക്കണമെന്നും ഉത്തരവിട്ടു.
ഡിവിആർ, കോൾ ഡാറ്റാ അനാലിസിസ് റിപ്പോർട്ടും അന്വേഷകസംഘത്തിന് ലഭിക്കാനുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട്. എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരൻ, വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വി സുനിൽകുമാർ എന്നിവർ കോടതിയിൽ ഹാജരായി.










0 comments