ഉണ്ണിക്കൃഷ്ണൻ പോറ്റി – ബിജെപി ബന്ധം പുറത്ത്
print edition കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണം ; വിശ്വാസികൾ നൽകിയ സ്വർണം എവിടെയെന്ന് ഹൈക്കോടതി

കൊച്ചി
യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതി 2017-ൽ ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹെെക്കോടതി. കൊടിമരം മാറ്റിസ്ഥാപിച്ചതിലൂടെ സ്വർണവും പണവും ദുരുപയോഗിച്ചെന്ന ദേവസ്വം വിജിലൻസിന്റെയും എസ്ഐടിയുടെയും റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.
കൊടിമരം പുനർനിർമാണത്തിന്റെ 2016 മുതലുള്ള രേഖകൾ വിജിലൻസ് സംഘം അന്വേഷിച്ച് റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറണം. ത്വരിത പരിശോധന നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സ്വർണമോഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണിച്ചത്. പ്രത്യേക അന്വേഷകസംഘം ഗൗരവകരമായ മറ്റു രണ്ട് കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് കൊടിമരക്കേസ് വിജിലൻസിനെ ഏൽപ്പിക്കുന്നതെന്നും റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും ബെഞ്ച് പറഞ്ഞു. ഹർജി 19ന് പരിഗണിക്കും. പുതിയ കൊടിമരത്തിന് വിശ്വാസികൾ സംഭാവന നൽകിയ സ്വർണം എവിടെയെന്നും പഞ്ചലോഹത്തിൽ നിർമിച്ച വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്ക് നൽകിയത് എന്തിനെന്നും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.
ഭരണസമിതി പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ, കോൺഗ്രസ് നേതാവും ബോർഡംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. സ്വർണം നൽകിയ 27പേരുടെ മൊഴിയെടുക്കണമെന്നും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു. പൊരുത്തക്കേടുകൾ ഗുരുതരമാണെന്നും ക്രിമിനൽ ദുരുപയോഗം, വിശ്വാസവഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
കോടതിനിർദേശം പാലിച്ചില്ല
കൊടിമരം മാറ്റുമ്പോൾ പഴയ കൊടിമരത്തിലെ സ്വർണവും വിലപ്പെട്ട വസ്‌തുക്കളും സൂക്ഷിക്കണമെന്ന കോടതി നിർദേശം പാലിച്ചില്ല. കൊടിമരത്തിനായി 2017 മാർച്ച് 22ന് കസ്റ്റംസിൽനിന്ന് 9.161 കിലോ സ്വർണം വാങ്ങിയിരുന്നു. വിശ്വാസികൾ സംഭാവനയായി 412.010 ഗ്രാം സ്വർണം നൽകി. ഇതടക്കം 9573.010 ഗ്രാം സ്വർണം ലഭിച്ചു. 9340.200 ഗ്രാമാണ് പുതിയതിൽ ഉപയോഗിച്ചത്. ബാക്കി 232.81 ഗ്രാം സ്വർണം കണ്ടെത്തിയിട്ടില്ല. ഒരു അഭിനേതാവിൽനിന്നുൾപ്പെടെ സ്വർണബിസ്‌കറ്റടക്കം സംഭാവനയായി 326.440 ഗ്രാം സ്വർണം ലഭിച്ചതായി പറയുന്നു. എന്നാൽ, വ്യക്തിഗത സംഭാവനകൾക്ക് രസീത് നൽകിയിട്ടില്ല. സ്വർണം കെെകാര്യംചെയ്‌തതിൽ ഗുരുതര ചട്ടലംഘനമുണ്ട്. മക്ഡവൽ ഗ്രൂപ്പ് നേരത്തേ സ്വർണം പൊതിഞ്ഞ കൊടിമരമാണ് 2017ൽ പൊളിച്ചുപണിതത്. ഹൈദരാബാദ് ഫീനിക്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന്റെ ചെലവിൽ പുനർനിർമിക്കാനായിരുന്നു തീരുമാനം. 3,20,30,000 രൂപയാണ് ചെലവ് കണക്കാക്കിയത്. സംഭാവന സ്വീകരിക്കാൻ പത്തനംതിട്ട ധനലക്ഷ്‌മി ബാങ്കിൽ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസറുടെ പേരിൽ അക്കൗണ്ടും തുറന്നിരുന്നുവെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണൻ പോറ്റി – ബിജെപി ബന്ധം പുറത്ത്
ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായുള്ള ഗാ-ഢബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്‌ണൺ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
2020 ജനുവരിയിൽ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുവരും പോറ്റിക്കൊപ്പം എത്തിയത്. മണിക്കൂറുകളോളം ഇരുനേതാക്കളും പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. നേതാക്കളുമായി പോറ്റി അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
ഏറെക്കാലമായി ബംഗളൂരുവിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കർണാടകത്തിൽ വേരുകളുള്ള, കേരളത്തിലെ ഉന്നത ബിജെപി നേതാവുമായി അടുത്ത ബന്ധമുണ്ട്. നാട്ടിൽ വരുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നതായും പലർക്കും ജോലി വാഗ്‌ദാനം ചെയ്‌തിരുന്നതായും നേരത്തെ നാട്ടുകാർ പറഞ്ഞിരുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പീഠം കാണാനില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ആദ്യം ആരോപണമുന്നയിച്ചതും ബിജെപി നേതാവുമായി ബന്ധമുള്ള ഒരു സ്വകാര്യ ചാനൽ വഴിയാണെന്നതും സംശയാസ്‌പദമാണ്.
ശിൽപ്പപാളികൾ വീണ്ടും പരിശോധിക്കാൻ അനുമതി
ദ്വാരപാലക ശിൽപ്പപാളികൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷകസംഘത്തിന് ഹെെക്കോടതിയുടെ അനുമതി. എത്രസ്വർണം നഷ്‌ടമായെന്ന് വ്യക്തമാക്കാൻ കൂടുതൽ ശാസ്‌ത്രീയപരിശോധന ആവശ്യമാണെന്ന എസ്ഐടിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചു. പരിശോധനയ്‌ക്ക് 12ന് സാമ്പിൾ ശേഖരിക്കാനും അവ മുംബെെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ജംഷഡ്‌പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി, ഹെെദരാബാദ് ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലാബോറട്ടറി എന്നിവടങ്ങളിലേക്ക് അയക്കാനും അനുമതിയായി. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പപാളികള്‍, ശ്രീകോവിൽ വാതിൽ എന്നിവയിൽനിന്നാണ് സാമ്പിളെടുക്കുക. 1998-ൽ യുബി ഗ്രൂപ്പ് സ്വർണം പൂശിയപ്പോൾ ഉപയോഗിച്ച മെർക്കുറി സാന്നിധ്യം ചിലപാളികളിൽ കാണാനില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് കൂടുതൽ പരിശോധന.










0 comments