കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയ്‌ക്കു നേരെ യുഡിഎഫ് കൈയേറ്റം

കെ പി കുഞ്ഞമ്മദ് കുട്ടി
മണിയൂർ (കോഴിക്കോട്): കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ യുഡിഎഫ് കൈയേറ്റം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ മണിയൂർ തെരു ഗണപതി ക്ഷേത്രത്തിലെത്തി വോട്ടഭ്യർഥന നടത്തുന്നതിനിടയിലാണ് യുഡിഎഫ് പ്രവർത്തകൻ എംഎൽഎയെ ആക്രമിച്ചത്. ശനി പകൽ മൂന്നോടെയാണ് സംഭവം.
ക്ഷേത്രാങ്കണത്തിൽവച്ച് വോട്ടർമാരെ കണ്ട് സംസാരിച്ച് തിരിച്ചു വരുന്നതിനിടയിൽ യുഡിഎഫ് – ആർഎംപി ജനകീയ മുന്നണി പ്രവർത്തകനായ വടക്കെ പറമ്പിൽ ദിനേശനാണ് അസഭ്യവർഷവുമായി കുഞ്ഞമ്മദ് കുട്ടിയെ തള്ളിമാറ്റി വീഴ്‌ത്താൻ ശ്രമിച്ചത്. സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ നിലത്തു വീഴുകയും ചെയ്തു. മനഃപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള യുഡിഎഫ് ശ്രമത്തിന്റെ ഭാഗമാണ് ഇൗ ആക്രമണം.
ഏതാനും ആഴ്ചകൾക്ക് മുമ്പ് തോടന്നൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ പതിയാരക്കരയിൽ നടന്ന ഒരു പ്രതിഷേധ യോഗത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎക്കെതിരെ മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള ഉൾപ്പെടെയുള്ളവർ മോശമായ പരാമർശം നടത്തി പ്രസംഗിച്ചിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടിക്ക് മണ്ഡലത്തിൽനിന്നും ലഭിക്കുന്ന മികച്ച പിന്തുണയണ് യുഡിഎഫ് പ്രവർത്തകരെ വിറളിപിടിപ്പിക്കുന്നത്.
അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പയ്യോളി പൊലീസിൽ പരാതി നൽകി. എംഎൽഎയ്ക്ക് നേരെ നടന്ന യുഡിഎഫ് അക്രമത്തിൽ എൽഡിഎഫ് മണ്ഡലം കൺവൻഷൻ പ്രതിഷേധിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ നടന്ന ആക്രമണം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള യുഡിഎഫ് ആർഎംപി സംഘത്തിന്റെ ആസൂത്രത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാധീനവും മുന്നേറ്റവും കണ്ട് വിറളിപൂണ്ടാവാം യുഡിഎഫ് – ആർഎംപി സംഘം ഇത്തരം കൈയേറ്റങ്ങൾ നടത്തി പ്രകോപനം സൃഷ്ടിക്കാൻ നോക്കുന്നത്. ഇടതുപക്ഷ പ്രവർത്തകർ ഒരു പ്രകോപനങ്ങളിലും വീഴാതെ സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments