"കോടതി പറഞ്ഞിട്ടെന്താ കാര്യം, ഞങ്ങൾക്ക് ആശങ്കയുണ്ട്"; ഹൈക്കോടതിയെ പോലും തള്ളി പ്രതിപക്ഷം

വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് സംസാരിക്കുന്നു
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വിശ്വാസയോഗ്യവും പഴുതടച്ചതുമായ അന്വേഷണമാണ് നടത്തുന്നതെന്ന ഹൈക്കോടതി നിരീക്ഷണത്തെ തള്ളി പ്രതിപക്ഷം. പ്രതികൾക്ക് സ്വാഭാവികജാമ്യം ലഭിക്കുന്നതിൽ പ്രശ്‌നമില്ലെന്നും അങ്ങനെയൊന്നും ആരും രക്ഷപ്പെടില്ലെന്നുമുള്ള ദേവസ്വം ബെഞ്ചിന്റെ വിലയിരുൽ അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല. സ്വാഭാവിതജാമ്യം ലഭിക്കുന്നതിൽ ആശങ്ക വേണ്ടെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞങ്ങൾക്ക് ആശങ്കയുണ്ട് എന്നായിരുന്നു സതീശന്റെ മറുപടി. ഹൈക്കോടതിക്ക് ആശങ്കയില്ലെന്നാണോ പറയുന്നതെന്ന് ചോദിച്ചപ്പോൾ സതീശന് ഉത്തരമുണ്ടായില്ല.
ഏതെങ്കിലും കോടതി പറഞ്ഞ കച്ചിത്തുരുമ്പിൽ തൂങ്ങിയിട്ടെന്താ കാര്യം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കോടതി അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ. സാങ്കേതികകാര്യങ്ങളാൽ വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ? ഗൂഢാലോചന അന്വേഷിച്ചിട്ടില്ല. ഇതുവരെയുള്ള അന്വേഷണത്തെയാണ് കോടതി നിരീക്ഷിച്ചത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്ഐടി അന്വേഷണത്തിൽ പൂർണതൃപ്തിയാണ് ജസ്റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് രേഖപ്പെടുത്തിയത്. അതിസങ്കീർണമായ ഇത്തരം കേസുകളിൽ നിസ്സാരവിഷയം ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് നല്ല പ്രവണതയല്ലെന്നും കുറ്റക്കാരാരും രക്ഷപ്പെടാത്തവിധം പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും കോടതി വിലയിരുത്തി.
കേസിൽ വിചാരണയടക്കം സൂക്ഷ്‌മമായി നടത്തണം. അതിനുവേണ്ടി എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വെെകുന്നതിൽ ആശങ്കവേണ്ട. ഇത് വേഗം പൂർത്തിയാക്കാവുന്ന കേസല്ല. കവർച്ചയുടെ ഓരോ കണ്ണിയും കൂട്ടിച്ചേർക്കണം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്. പ്രതികൾക്ക് സ്വാഭാവികജാമ്യം ലഭിക്കുന്നതിൽ പ്രശ്‌നമില്ല. അങ്ങനെയൊന്നും ആരും രക്ഷപ്പെടില്ല. എസ്ഐടിക്ക് കുറച്ചുകൂടി സമയം നൽകൂ– കോടതി പറഞ്ഞു.










0 comments