ചെറിയ ഘടകകക്ഷികളെ കോൺഗ്രസ് അവഗണിച്ചതായി പരാതിയുയർന്നു
print edition രാജി, തമ്മിൽത്തല്ല് ; യുഡിഎഫിൽ വിമതപ്പട , മലപ്പുറത്ത് കോൺഗ്രസിനെ ഒതുക്കി മുസ്ലിംലീഗ്

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്, പ്രശ്‌നങ്ങളില്ലെന്ന് വരുത്താനുളള യുഡിഎഫ് ശ്രമം പാളി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പലയിടങ്ങളിലും അടിയുടെ പൂരം. വിമത ഭീഷണിയും രാജിയും തുടർക്കഥയായതോടെ മുന്നണിയിൽ മുൻ തെരഞ്ഞെടുപ്പുകളിലേതിനേക്കാൾ സ്ഥിതി രൂക്ഷമായി. മലപ്പുറത്ത് വണ്ടൂരിലും വേങ്ങരയിലും ലീഗ് യോഗങ്ങളിൽ അടിപൊട്ടി. കോൺഗ്രസിന്റെ സീറ്റുകൾ കൈയടക്കിയാണ് ലീഗ് മുന്നണി ഐക്യം പ്രകടമാകുന്നത്. മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീടിരിക്കുന്ന വാർഡിൽ വനിതാനേതാവ് വിമത സ്ഥാനാർഥിയായുണ്ട്.
കോഴിക്കോട്ട് നടക്കാവ് മണ്ഡലം സെക്രട്ടറി ടി എം ധനേഷ്, തൃശൂരിൽ തൈക്കാട് മണ്ഡലം പ്രസിഡന്റ് പി എസ് രാജൻ, കടപ്പുറം മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ എന്നിവർ രാജിവച്ചു. പാലക്കാട്ട് വെള്ളിയാഴ്‌ച നാലുനേതാക്കൾ കോൺഗ്രസ് വിട്ടു. കുഴൽമന്ദം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജയപ്രകാശ്, എം രാജ്‌കുമാർ, റഷീദ് തണ്ണിശേരി, വണ്ടാഴിയിലെ എ ശാന്തൻ എന്നിവരാണ് രാജിവച്ചത്.
ചിറ്റൂരിൽ അഞ്ഞൂറിലേറെ പ്രവർത്തകരാണ് രാജിവച്ചത്. ഇടുക്കിയിലുമുണ്ട് രാജിപ്രളയം. കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി സോജന്‍ വെളിഞ്ഞാലിലും കൂട്ടരും പാര്‍ടിവിട്ടു. വയനാട്ടിൽ പുൽപ്പള്ളി, മീനങ്ങാടി, പൂതാടി, ബത്തേരി, കൽപ്പറ്റ മേഖലയിൽ നിരവധി പേർ രാജിവച്ചു. കോട്ടയത്ത് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിബി തടത്തിൽ, മഹിളാ കോൺഗ്രസ് നേതാവ് സൂസൻ തോമസ് എന്നിവരും അതിരമ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്‌സ്, നീണ്ടൂർ പഞ്ചായത്ത് മുൻ വൈസ്‌പ്രസിഡന്റ് തോമസുകുട്ടി കൊളമ്പ്രയിൽ എന്നിവരും കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ബിജു മൂലംകുഴയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ മത്തായിയും രാജിവച്ചു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
കൊല്ലത്ത് ഇരവിപുരം മണ്ഡലം പ്രസിഡന്റ് മണക്കാട് സലിമും എഴുകോൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് രതീഷ് കിളിത്തട്ടിലും രാജിവച്ചു. കണ്ണൂർ കോർപറേഷനിൽ അടി തീർന്നിട്ടില്ല. ലീഗ് ബഹിഷ്‌കരിക്കുമെന്നതിനാൽ യുഡിഎഫ് ജില്ലാകമ്മിറ്റി യോഗം ഉപേക്ഷിക്കേണ്ടിവന്നു. പുറമേ, ആർഎസ്‌പി, കേരള കോൺഗ്രസ് ജോസഫ്, സിഎംപി തുടങ്ങിയ ഘടകകക്ഷികളെയെല്ലാം പലയിടത്തും അവഗണിച്ചതായി പരാതിയുയർന്നു.









0 comments