പാലാ നഗരസഭാ ചെയർമാനെ വോട്ടെടുപ്പിലൂടെ പുറത്താക്കി എൽഡിഎഫ്; കൂറുമാറ്റത്തിനു ശ്രമിച്ച യുഡിഎഫിന്‌ തിരിച്ചടി

shaju
വെബ് ഡെസ്ക്

Published on Feb 14, 2025, 02:22 PM | 2 min read

പാലാ: പാലാ നഗരസഭ ചെയർമാന് എതിരെ നൽകിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് ഒളിച്ചോടി. മുന്നണി മര്യാദ ലംഘിച്ച് പ്രതിപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിച്ച ചെയർമാനെ എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിലൂടെ പുറത്താക്കി. പാലാ നഗരസഭ ചെയർമാൻ കേരള കോൺഗ്രസ് എമ്മിലെ ഷാജു വി തുരുത്തേലിനെയാണ് യുഡിഎഫ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് എൽഡിഎഫ് പുത്താക്കിയത്. മുന്നണിയെ സമ്മർദ്ദത്തിലാക്കി അധികാരത്തിൽ തുടരാനുള്ള ഷാജു വി തുരുത്തേലിന്റെയും എൽഡിഎഫ് പ്രതിനിധിയായ ചെയർമാനെ അടർത്തിയെടുത്ത് നഗരസഭ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിംങിന് ശ്രമിച്ച യുഡിഎഫ് പ്രതിപക്ഷത്തിനും ഒരേപോലെ തിരിച്ചടിയായി അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്.

യുഡിഎഫ് അവിശ്വാസ പ്രമേയത്തിന്റെ പേരിൽ എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കി പദവിയിൽ തുടരാനായിരുന്നു ഷാജു വി തുരുത്തേലിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷവുമായി നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു ചെയർമാന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം.


യുഡിഎഫ് തന്ത്രം തിരിച്ചറിഞ്ഞ എൽഡിഎഫ് അംഗങ്ങൾ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർമാന് എതിരെയുള്ള അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ഇതോടെ തങ്ങൾ നൽകിയ അവിശ്വാസ നോട്ടിസിൽനിന്ന് പിൻവാങ്ങിയതായി യുഡിഎഫ് അറിയിച്ചു. യുഡിഎഫ് അംഗങ്ങളുടെ പിന്തുണയിൽ നോട്ടീസ് നൽകിയ സ്വതന്ത്രാംഗം ജിമ്മി ജോസഫാണ് നാടകീയമായി ഇക്കാര്യം വരണാധികാരിയെ അറിയിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത എൽഡിഎഫിലെ 14 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 26 അംഗ കൗൺസിലിൽ 14 അംഗങ്ങൾ അവിശ്വാസം രേഖപെടുത്തിയതോടെ ചെയർമാന് പദവിയിൽ തുടരാൻ അർഹത നഷ്ടപ്പെട്ടതായി വരണാധികാരി തദ്ദേശ ഭരണ വകപ്പ് ജോയിന്റ്‌ ഡയറക്ടർ ബിനു ജോൺ പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ ഷാജു വി തുരുത്തേൽ യോഗത്തിൽ പങ്കെടുത്തില്ല. എൽഡിഎഫ് പ്രതിനിധികളായി വിജയിച്ച എൻസിപി അംഗം ഷീബാ ജിയോയും സിപിഐ എം നേരത്തേ പാർടിയിൽ നിന്ന് പുറത്താക്കിയ അഡ്വ. ബിനു പുളിക്കക്കണ്ടവും യോഗത്തിന് എത്തിയിരുന്നില്ല.


എൽഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ട് വർഷം ഉൾപ്പെടെ നാല് വർഷം കേരള കോൺഗ്രസ് എമ്മിനും ഒരു വർഷം സിപിഐ എമ്മിനുമായിരുന്നു ചെയർമാൻ പദവി. കേരള കോൺഗ്രസ് എമ്മിലെ ധാരണപ്രകാരം ഷാജു വി തുരുത്തേലിന് ഒരു വർഷത്തേയ്ക്കായിരുന്നു ചെയർമാൻ പദവി. ഈ കാലാവധി കഴിഞ്ഞ രണ്ടിന് അവസാനിച്ചെങ്കിലും ഷാജു സ്ഥാനം ഒഴിയാൻ തയ്യാറായില്ല. ഇതിന് മുന്നേയാണ് തുടർച്ചയായ പദവി മാറ്റം നഗരസഭാ ഭരണത്തിന് തടസമാകുന്നു എന്ന് ആക്ഷേപിച്ച് യുഡിഎഫ് ആവിശ്വാസനോട്ടീസ് നൽകിയത്. തുടർന്ന് പത്തംഗ കേരള കോൺഗ്രസ് പാർലമെന്ററി പാർടിയിലെ ഒമ്പതംഗങ്ങൾ യോഗം ചേർന്ന് പദവി ഒഴിയാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാകരിച്ച് ഷാജു സ്ഥാനത്ത് തുടരുകയായിരുന്നു. അവിശ്വസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് കഴിഞ്ഞ് രാജിയാകാമെന്ന വിചിത്ര ന്യായം ഉന്നയിച്ചായിരുന്നു ഇത്.


ഇതിന് ശേഷം എൽഡിഎഫ് പാർലമെന്ററി പാർടി യോഗ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം 14 അംഗങ്ങൾ രേഖാമൂലം ചെയർമാൻ പദവി ഒഴിയണമെന്ന് അവശ്യപ്പെട്ടിരുന്നു. ഇതും അവഗണിച്ച ഷാജു വി തുരുത്തേൽ ദേഹാസ്വാസ്ഥ്യം പറഞ്ഞ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.






deshabhimani section

Related News

0 comments
Sort by

Home