print edition യുഡിഎഫ് സർക്കാരിന്റെ ഒരു മാസം; സർവത്ര മലക്കം മറിച്ചിൽ, പഴി മുൻസർക്കാരിന്

തിരുവനന്തപുരം: യുഡിഎഫ് അധികാരമേറി ഒരു മാസമാകുമ്പോൾ, ജനങ്ങൾക്ക് നൽകിയ ഉറപ്പുകളിൽനിന്ന് പൂർണമായും മലക്കംമറിയുന്നു. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലും ആർഎസ്‌എസ് ബാന്ധവത്തിലും പറഞ്ഞിടത്ത് ഉറച്ചുനിൽക്കാതെ ഉരുണ്ടുകളിക്കുകയാണ്.
നിലപാടുകളിലെ കരണംമറിച്ചിൽ മറച്ചുപിടിക്കാൻ മുൻസർക്കാരിനെ പഴിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിയമിക്കപ്പെട്ട പ്രത്യേക പ്ലീഡർ കെ ബി പ്രദീപ് ആർക്കൊക്കെവേണ്ടി വാദിച്ചുവെന്ന് പരിശോധിക്കാനുള്ള സംവിധാനം എഐക്കുപോലുമില്ല. അതുകൊണ്ട് നിയമനം ശരിയായിരുന്നു.
വിമർശം വന്നപ്പോൾ നീക്കി’ എന്നാണ് ബുധനാഴ്‌ച മുഖ്യമന്ത്രി പറഞ്ഞത്. പ്രദീപ് ശബരിമല സ്വർണമോഷണക്കേസ് പ്രതിയുടെ വക്കീലാണെന്ന് ആദ്യമായി അറിഞ്ഞതുപോലെയാണ് പ്രതികരണം. ലോയേഴ്‌സ് കോൺഗ്രസ് നേതാക്കൾ സൂചന നൽകിയിരുന്നുവെന്ന് വാർത്ത പുറത്തുവന്നിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
പ്രതിപക്ഷത്തായിരിക്കെ പിഎം ശ്രീ പദ്ധതിക്കെതിരെ പറഞ്ഞതുപോലെയല്ല ഭരിക്കുമ്പോഴെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം മടിയില്ലാതെ കള്ളംപറഞ്ഞ് രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിച്ചത്. എൽഡിഎഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുന്നതായി കത്ത് കൊടുത്തു. ആ വകയിൽ തുക വാങ്ങിയിട്ടില്ലെന്ന വസ്തുതയും ഇപ്പോൾ പുറത്തുവന്നു.
വിസിമാർ ആർഎസ്‌എസ് ബാന്ധവത്തിന് പുറപ്പെട്ടപ്പോൾ, കഴിഞ്ഞ സർക്കാർ എടുത്ത നിലപാട് അക്കാലത്തെ മാധ്യമങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയുമാണ് ചെയ്തത്. ഫേസ്‌ബുക്കിൽ കുറിപ്പിട്ട് വിസിമാരുടെ ആർഎസ്‌എസ് സേവ പ്രോത്സാഹിപ്പിക്കുകയല്ല അന്ന് ചെയ്തത്.
യുഡിഎഫ് വാഗ്‌ദാനംപോലെ സ്‌ത്രീകൾക്ക് സൗജന്യം ഏർപ്പെടുത്തിയപ്പോൾ, എല്ലാ ബസുകളിലും അതേർപ്പെടുത്തിയതുമില്ല. കെഎസ്‌ആർടിസി സർവ സാധാരണമല്ലാത്ത മേഖലയിലെ സ്‌ത്രീകൾ പദ്ധതിക്കുപുറത്താണ്. സൗജന്യത്തിന്റെ ഫലമായി പട്ടിണിയിലാകുന്ന സ്വകാര്യ ബസ് മേഖലയെ തിരിഞ്ഞുനോക്കിയിട്ടില്ല.
മുപ്പതിനകം 75 ശതമാനം സ്വകാര്യബസുകളും ഷെഡ്ഡിൽകയറുന്ന അവസ്ഥയാണ്. മുഴുവൻ വരുമാനവും സർക്കാരിലടയ്‌ക്കാം, കിലോമീറ്ററിന് 55 പൈസ തിരിച്ച് തന്നാൽ മതിയെന്ന ബസുടമകളുടെ ആവശ്യത്തിൽനിന്നുതന്നെ വ്യക്തമാണ് എത്ര ഗുരുതരമാണ് പ്രതിസന്ധിയെന്ന്.










0 comments