ഫിഷറീസ് മുസ്ലിംലീഗിന് തന്നെ
print edition വകുപ്പുവിഭജനത്തിൽ കോൺഗ്രസിലും അതൃപ്‌തി

ഒ വി സുരേഷ്
Published on May 21, 2026, 02:44 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായിട്ടും ഘടകക്ഷികളിലും കോൺഗ്രസിനുള്ളിലും അമർഷം, മുറുമുറുപ്പ്. മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌ത് മൂന്നാംനാളാണ് മുൻധാരണ തിരുത്തിയുള്ള വകുപ്പുകൾ തീരുമാനമായത്. ആദ്യ കാബിനറ്റിനുമുന്പേ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമാക്കുന്ന കീഴ്‌വഴക്കമാണ് കോൺഗ്രസിലും മുസ്ലിം ലീഗിലുമുണ്ടായ തർക്കം കാരണം തെറ്റിയത്. പ്രധാന വകുപ്പുകൾ കൈയടക്കിയ മുഖ്യമന്ത്രിയുടെ നിലപാടും ഘടകകക്ഷികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
രണ്ടാം മന്ത്രിസഭായോഗത്തിലും വകുപ്പില്ലാമന്ത്രിമാരാണ് പങ്കെടുത്തത്.
സത്യപ്രതിജ്ഞാദിവസംതന്നെ വകുപ്പുകളിൽ തീരുമാനമായി എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വീരവാദം. ലീഗുമായാണ് തർക്കം എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ കോൺഗ്രസിലും അമർഷം പുകയുന്നുണ്ടെന്നാണ് വകുപ്പു വിഭജനത്തോടെ വ്യക്തമായത്. വിദ്യാഭ്യാസം മുഴുവനായും വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാൽ ഉന്നത വിദ്യാഭ്യാസം മുസ്ലിംലീഗിന് വിട്ടുകൊടുക്കരുതെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകളും ഒപ്പം ചില സാമുദായിക സംഘടനകളും സമ്മർദംചെലുത്തി. ഫിഷറീസ് തന്നാൽ വഴങ്ങാൻ തയ്യാറെന്ന് ലീഗ് ഉപാധി വച്ചു. ലീഗിന് ഫിഷറീസ് കൊടുക്കുന്നതിനെതിരെ ലത്തീൻസഭയടക്കം പരസ്യമായി രംഗത്തുവന്നെങ്കിലും ലീഗിനു വഴങ്ങി ഫിഷറീസ് വിട്ടുകൊടുത്തു. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂറാണ് ഫിഷറീസ് മന്ത്രി.
മന്ത്രിസഭയിൽ കെ സി വേണുഗോപാൽ പക്ഷത്തിനാണ് മേൽക്കൈയെങ്കിലും 40 വകുപ്പ് മുഖ്യമന്ത്രി കൈയടക്കി. പൊതുഭരണത്തിനു പുറമേ പ്രധാനപ്പെട്ട ധനം, നിയമം, തുറമുഖം എന്നിവയുമുണ്ട്. നിയമവും തുറമുഖവും വിട്ടുകൊടുക്കണമെന്ന ചർച്ച കോൺഗ്രസിലുണ്ടായെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സണ്ണി ജോസഫിന് റവന്യുവും എ പി അനിൽകുമാറിന് വൈദ്യുതിയുമായിരുന്നു നേരത്തെയുള്ള ധാരണ. അനിൽകുമാറിന് വൈദ്യുതി വേണ്ടാതായതോടെ പരസ്‌പരം മാറ്റി. ഇതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്‌തിയുണ്ട്.











0 comments