പാലക്കാട് കോൺഗ്രസിൽ കുടുംബവാഴ്ച ; ബിജെപിയിൽ കൂട്ടയടി , ലീഗിൽ രാജിയോ രാജി
print edition യുഡിഎഫിലും ബിജെപിയിലും ആകെ തമ്മിലടി

പ്രകടനപത്രികയടക്കം അവതരിപ്പിച്ച് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കുതിക്കുമ്പോൾ യുഡിഎഫിൽ പൊട്ടിത്തെറി തുടരുന്നു. മിക്ക ജില്ലകളിലും സ്ഥാനാർഥിനിർണയത്തിലെ തർക്കം കൂട്ടരാജിക്കും തമ്മിലടിക്കും വഴിയൊരുക്കി. നേതാക്കൾ ശിങ്കിടികൾക്ക് സീറ്റ് നൽകിയതും ഗ്രൂപ്പ് പരിഗണനയിൽ പലരെയും തള്ളിയതും മിക്കയിടത്തും പ്രതിഷേധത്തിനിടയാക്കി. മുസ്ലിംലീഗിൽ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടും കേൾക്കാതെ നേതാക്കളും പ്രവർത്തകരും രാജിവച്ചൊഴിയുകയാണ്.
ബിജെപിയിലും സമാന സ്ഥിതിയാണ്. നേതൃത്വത്തിന്റെ അവഗണനയിൽ സഹികെട്ട് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ വ്യാപക അമർഷമുണ്ട്. തലസ്ഥാനത്ത് ആർഎസ്‌എസ് നേതാവടക്കം ജീവനൊടുക്കിയ സാഹചര്യം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി.
ലീഗിൽ രാജിയോ രാജി
പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ച് ഇടപെട്ടിട്ടും പ്രശ്‌നം തീരാതെ മുസ്ലിംലീഗ്. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയറ്റംഗം മുതൽ ശാഖാ ഭാരവാഹികൾവരെയാണ് കഴിഞ്ഞദിവസങ്ങളിൽ ലീഗിൽനിന്ന് രാജിവച്ചത്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പ്രതിഷേധവും രാജിയുമേറെ. കോഴിക്കോട് സംസ്ഥാന സെക്രട്ടറിയറ്റംഗം യു പോക്കർ രാജിവച്ചത് നേതാക്കൾക്കടക്കം ഷോക്കായി. നിരവധി നേതാക്കളും പ്രവർത്തകരും പോക്കറിനൊപ്പം ലീഗ് വിട്ടു. ഇവർ ഇനി സിപിഐ എമ്മുമായി സഹകരിച്ച് എൽഡിഎഫ് വിജയത്തിനായി പ്രവർത്തിക്കും.
തിരുവന്പാടി പഞ്ചായത്തിലെ ‘മുസ്ലിംലീഗ് കൂട്ടായ്‌മ’ ലീഗ്‌ഹൗസിൽവച്ചാണ് എൽഡിഎഫിനൊപ്പം നിൽക്കാനുള്ള തീരുമാനമെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഭൂരിഭാഗം പ്രവർത്തകരും നേതൃത്വത്തിനെതിരായി രംഗത്തെത്തി. കോഴിക്കോട് കോർപറേഷൻ കൗൺസിലർ കെ റംലത്ത്, പയ്യോളിയിലെ അഷ്‌റഫ് പി കോട്ടക്കൽ എന്നിവരും രാജിവച്ചു.
മലപ്പുറം തിരൂരങ്ങാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീടുള്ള വാർഡിലെ കൗൺസിലറും നഗരസഭാ വൈസ് ചെയർപേഴ്‌സണുമായ വനിതാലീഗ് നേതാവ് സുലൈഖ കാലൊടി വിമതഭീഷണി ഉയർത്തി. മലപ്പുറത്ത് മണ്ഡലം പ്രവർത്തകസമിതിയംഗം അഷറഫ് പാറച്ചോടനും ഭാര്യയും നഗരസഭാ കൗൺസിലറുമായ ആമിന പാറച്ചോടനും ലീഗ് വിട്ടു. കോട്ടക്കൽ നഗരസഭയിൽ യൂത്ത്‌ലീഗ് മുനിസിപ്പൽ സെക്രട്ടറി തയ്യിൽ സാദിദും രാജിവച്ചു. കളമശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൾ റഹീമും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂരിൽ പേമെന്റ് സീറ്റ്
തദ്ദേശ സ്ഥാനാർഥി പട്ടികയ്‌ക്ക് പിന്നാലെ പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് തൃശൂരിലെ കോൺഗ്രസിൽ രാജി തുടരുന്നു. ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും കോർപ്പറേഷൻ കുരിയച്ചിറ ഡിവിഷനിലെ മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസ്‍, തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ ജോർജ് ചാണ്ടി എന്നിവർ കോൺഗ്രസ് വിട്ടു. ഇവർ വിമതരായി മത്സരിക്കുന്നുണ്ട്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ നേൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് സ്ഥാനങ്ങൾ രാജിവച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന കടപ്പുറം മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ കലാശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ആച്ചിബാബു, ബൈജു തെക്കൻ എന്നിവരെ പുറത്താക്കി.
പാലക്കാട് കോൺഗ്രസിൽ കുടുംബവാഴ്ച ; ബിജെപിയിൽ കൂട്ടയടി
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പാലക്കാട് കോൺഗ്രസിൽ കൂട്ടരാജി. നഗരസഭയിൽ കോൺഗ്രസ് നടത്തുന്നത് കുടുംബവാഴ്‌ചയെന്ന് ആരോപിച്ച് ഏഴു ജില്ലാനേതാക്കൾ ഉൾപ്പെടെ അന്പതോളം പ്രവർത്തകരാണ് ബുധനാഴ്ച ഡിസിസി അധ്യക്ഷന് രാജിക്കത്ത് നൽകിയത്. കുന്നത്തൂർമേട് നോർത്ത് വാർഡിലെ തർക്കമാണ് കാരണം. പിരായിരി പഞ്ചായത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ വഞ്ചിച്ചെന്നാരോപിച്ച് മുൻ പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പ്രീജ സുരേഷും ഡിസിസിക്കെതിരെ രംഗത്തെത്തി. പലയിടത്തും പണംവാങ്ങി ഡിസിസി നേതൃത്വം സീറ്റുകച്ചവടം നടത്തിയെന്ന് പ്രീജ മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിലും തമ്മിലടി തുടരുന്നു. നഗരസഭയിലെ ബിജെപി നേതൃത്വം ഒരു വിഭാഗം ആളുകളുടെ കൈയിലാണെന്നും തന്റെ വാർഡിലെ സ്ഥാനാർഥിയെ തീരുമാനിച്ചതും കൺവൻഷനുംപോലും അറിയിച്ചില്ലെന്നും നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയിലും ആത്മഹത്യാശ്രമം
സീറ്റു മോഹിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പേ പ്രചാരണം തുടങ്ങിയ കോൺഗ്രസ് നേതാക്കളാകെ നിരാശരായ കാഴ്ചയാണ് ആലപ്പുഴയിൽ. പോസ്റ്ററും ഫ്ളക്‌സും സ്ഥാപിച്ച് പ്രചാരണം തുടങ്ങിയ കായംകുളം പത്തിയൂരിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഡി ജയപ്രദീപ് സീറ്റ് കിട്ടാത്തതായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെ സി വേണുഗോപാലിന്റെ ഇഷ്ടക്കാർക്ക് സീറ്റ് വാരിക്കോരി കൊടുക്കുന്നുവെന്ന് ആരോപണവും ആലപ്പുഴയിൽ ശക്തമാണ്.
ഇടുക്കിയിലും കോട്ടയത്തും പോര്
അതിരമ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്‌സ്, നീണ്ടൂർ പഞ്ചായത്ത് മുൻ വൈസ്‌പ്രസിഡന്റ് തോമസുകുട്ടി കൊളമ്പ്രയിൽ, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിബി തടത്തിൽ, മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സൂസൻ തോമസ് എന്നിവർ കോൺഗ്രസ് വിട്ടു.
ഇവർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. കെപിസിസി അംഗത്തിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് ബിജു മൂലംകുഴയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ മത്തായിയും രാജിവെച്ചു. യൂത്ത് ഫ്രണ്ട് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ഇരുപ്പക്കാട്ട് രാജിവച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു.
ഇടുക്കി തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഏകാധിപത്യപരമായി തീരുമാനമെടുക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാനു ഷുക്കൂര്‍ രാജിവച്ചു.
എറണാകുളത്ത് വ്യാപക പരാതി
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിലെ വ്യാപക പരാതി കൂട്ടരാജിക്കും പരസ്യമായ തമ്മിലടിക്കും വഴിയൊരുക്കി. നേതാക്കൾക്കു വേണ്ടപ്പെട്ടവർക്ക് സീറ്റ് നൽകിയപ്പോൾ മറുഗ്രൂപ്പുകാരെ തള്ളിയത് പ്രതിഷേധത്തിന് കാരണമായി.
ജില്ലാപഞ്ചായത്ത് കീഴ്‌മാട് ഡിവിഷനിൽ എ ഗ്രൂപ്പ് പട്ടിക തള്ളി ഡിസിസി പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമെതിരെ കെപിസിസിക്ക് പരാതി നൽകി. കോർപറേഷനിലെ സ്ഥാനാർഥിനിർണയത്തിൽ പ്രതിഷേധിച്ച് മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേമകുമാർ, മുൻ കൗൺസിലർമാരായ മാലിനി കുറുപ്പ്, ബാസ്റ്റിൻ ബാബു, ശാന്താവിജയൻ തുടങ്ങിയവരും രാജിവച്ച് വിമതരായി മത്സരിക്കുന്നു. മുളവുകാട് പഞ്ചായത്തിൽ നിലവിലെ വൈസ് പ്രസിഡന്റ് റോസ് മേരി മാർട്ടിൻ രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്നു. കോർപറേഷനിൽ മുൻ കൗൺസിലറും ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ വി എ റെജുല വിമതയായി മത്സരിക്കുകയാണ്.
കണ്ണൂരിലും വിമതപ്പട
കണ്ണൂരിൽ കോർപറേഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കോൺഗ്രസിന് തലവേദനയായി വിമതർ. കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തിലാണ് രാജീവ് ജി കൾച്ചറൽ ഫോറമുണ്ടാക്കി കോൺഗ്രസിനെതിരെ മത്സരത്തിനിറങ്ങുന്നത്. ഒരു ഡിവിഷനിൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. മണ്ഡലം പ്രസിഡന്റിന്റെ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ചാണ് കരിവെള്ളൂരിൽ മണ്ഡലം വൈസ് പ്രസിഡന്റ് രാജിവച്ചത്.










0 comments