തട്ടിപ്പ്‌കേസിൽ അറസ്‌റ്റ്
സതീശന്റെയും യുഡിഎഫ് നേതാക്കളുടെയും വിശ്വസ്‌തനായ രാജേന്ദ്രൻ

പ്രത്യേക ലേഖകൻ
Published on Nov 12, 2026, 06:38 PM | 1 min read
കോഴിക്കോട്: ഘടകകക്ഷി നേതാവ് തട്ടിപ്പ്‌കേസിൽ അറസ്‌റ്റിലായെന്ന ഖ്യാതിയുമായി യുഡിഎഫ് ഭരണം ആറാം മാസത്തിലേക്ക്. ഇഡിയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് നെടുന്പാശേരിയിൽ അറസ്‌റ്റിലായ രാജേന്ദ്രൻ വെള്ളപ്പാലത്ത് യുഡിഎഫ് ഘടകകക്ഷിയായ കേരള പ്രവാസി അസോസിയേഷൻ സ്ഥാപകനും അഖിലേന്ത്യാ പ്രസിഡന്റുമാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെയും യുഡിഎഫ് നേതാക്കളുടെയും വിശ്വസ്‌തനായ രാജേന്ദ്രൻ ഭരണത്തിന്റെ തണലിലാണ് തട്ടിപ്പ് വ്യാപിപ്പിച്ചത്. ഇപ്പോൾ പുറത്തുവന്ന ഇഡി തട്ടിപ്പിൽ ഭരണമുന്നണിയിലെ പലനേതാക്കളുടെയും സഹായമുണ്ടെന്നാണ് രാജേന്ദ്രന്റെ അടുപ്പക്കാർ പറയുന്നത്. കേസും അന്വേഷണവും നേരായ വഴിക്ക് നീങ്ങിയാൽ യുഡിഎഫിലെ പല പ്രമുഖരും രാജേന്ദ്രന് പിന്നാലെ അകത്താകുമെന്നാണ് സൂചന.
സന്പന്ന പ്രവാസിയായ രാജേന്ദ്രനെ യുഡിഎഫ് ഘടകകക്ഷിയാക്കിയത് വലിയ വിവാദമായിരുന്നു. പി വി അൻവറടക്കം ക്യൂവിൽ നിൽക്കവെയാണ് പ്രവർത്തനപരിചയമില്ലാത്ത കേരള പ്രവാസി അസോസിയേഷനെ യുഡിഎഫ് ഘടകകക്ഷിയാക്കിയത്. ഇത് പെയ്‌ഡ് അംഗത്വമാണെന്ന് യുഡിഎഫ് ക്യാന്പിലും സംസാരമുണ്ടായി. 2024 ജൂണിലാണ് പ്രവാസി അസോസിയേഷനെ ഘടകകക്ഷിയാക്കിയത്. ഇങ്ങനൊരു സംഘടനയെക്കുറിച്ച് പല നേതാക്കൾക്കും അറിവില്ലായിരുന്നു. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമായിരുന്നു രാജേന്ദ്രന്റെ സ്‌പോൺസർമാർ. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവർക്ക് വൻതുക ഫണ്ട് നൽകി.
മാവൂർ കണ്ണിപറന്പ് സ്വദേശിയായ രാജേന്ദ്രന് വിദേശത്ത് ഹോട്ടൽ ശൃംഖലയുണ്ട്. ഇന്ത്യഫസ്‌റ്റ് എന്ന ഒടിടി ചാനലും സ്ഥാപിച്ചിട്ടുണ്ട്. കേരള പ്രവാസി അസോസിയേഷൻ രൂപീകരിച്ച് യുഡിഎഫ് ഉന്നതരെ വലയിലാക്കിയാണ് രാഷ്‌ട്രീയമോഹം സാധ്യമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നമംഗലം സീറ്റ് അവസാന നിമിഷമാണ് നഷ്‌ടമായത്. യുഡിഎഫ് ഭരണമേറിയശേഷം നോർക്ക, പ്രവാസിക്ഷേമബോർഡ് എന്നിവയുടെ ഭാരവാഹിസ്ഥാനത്തിന് കണ്ണുംനട്ട് പ്രവർത്തിക്കുന്നതിനിടയിലാണ് കേസിൽ അകത്തായത്.








0 comments