print edition യുഡിഎഫ്– ജമാഅത്തെ കൂട്ടുകെട്ട് ; നിയമസഭയിലേക്കുള്ള ട്രയൽ റൺ , പ്രതികരിക്കാൻ വടക്കൻ കേരളം

പി വി ജീജോ
Published on Dec 11, 2025, 03:29 AM | 2 min read
കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചതോടെ വിശ്വാസ്യതയും മുഖവും നഷ്ടമായി യുഡിഎഫ്. ജമാഅത്തെ ബന്ധം വിനയാകുമെന്ന ആധി കോൺഗ്രസിലെയും മുസ്ലിംലീഗിലെയും ഒരു വിഭാഗത്തിനുമുണ്ട്. എന്നാൽ പത്തുവർഷമായി ഭരണമില്ലാത്തനിലയ്‌ക്ക് അതിനായി ആരെയും കൂട്ടുപിടിക്കാമെന്നതാണ് ലീഗ് നയം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോറ്റാൽ പാർടി എന്താകുമെന്ന ഭയം കോൺഗ്രസിനുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെയെ മുന്നണിയിൽ ചേർക്കുമെന്നാണ് വാഗ്‌ദാനം. അതിന്റെ ട്രയൽ റണ്ണാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യം.
എൽഡിഎഫ് ക്ഷേമവും വികസനവും ചർച്ചയാക്കിയപ്പോൾ മറുത്ത് പറയാൻ യുഡിഎഫിനൊന്നുമില്ല. ന്യൂനപക്ഷ സമൂഹമടക്കം ഇടതുപക്ഷത്തിനോട് കൂടുതൽ അടുത്തു. ആർഎസ്‌എസിനെ നേരിടുന്നതിലെ എൽഡിഎഫിന്റെ ആത്മാർഥത സുവ്യക്തമാണ്. ജമാഅത്തെ ബന്ധം ആർഎസ്‌എസിന് കളമൊരുക്കുമെന്ന നിലപാട് മത–സാമുദായിക സംഘടനകൾക്കുണ്ട്. ഇൗ സംഘടനകളാണ് ജമാഅത്തെ ഇസ്ലാമി സഖ്യത്തിനെതിരെ ശക്തമായി രംഗത്തുവന്നത്. ജമാഅത്തെയുടെ നയങ്ങൾ സമുദായത്തിനും മതത്തിനും ആപത്താണെന്ന സമീപനത്തിൽ സുന്നി, മുജാഹിദ് സംഘടനകൾക്ക് ഏകസ്വരമാണ്. ഇവരെയടക്കം അവഗണിച്ചാണ് മതതീവ്രവാദസഖ്യം രൂപീകരിച്ചത്. മതനിരപേക്ഷ സമൂഹം പങ്കിടുന്ന ആധിയല്ല; അധികാരമാണ് പ്രധാനം എന്നാണ് ലീഗും കോൺഗ്രസും കരുതുന്നത്.
ആർഎസ്‌എസിനെ വെല്ലുംവിധം നുണപ്രചാരണവും വ്യാജവാർത്താനിർമിതിയും കൈമുതലാക്കിയ കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി. നുണയും അസത്യവും കലർത്തി ജമാഅത്തെ നുണഫാക്ടറിയിലൂടെ പുറന്തള്ളിയ വ്യാജങ്ങളായിരുന്നു വടക്കൻ കേരളത്തിൽ യുഡിഎഫ് പ്രചാരണായുധം. ഇതിനെതിരായുള്ള ജനവിധിയാകും കാസർകോട് മുതൽ തൃശൂർ വരെയുള്ള വടക്കൻ കേരളത്തിൽനിന്നുമുയരുക.
തീവ്രവാദസഖ്യം ശക്തമായ 115 പഞ്ചായത്തുകളിൽ ഭൂരിഭാഗത്തിലും വോട്ടെടുപ്പ് വ്യാഴാഴ്‌ചയാണ്. അവസാനവേളയിലും കോൺഗ്രസും ലീഗും ജമാഅത്തെയും ഒന്നിച്ചായിരുന്നു പ്രചാരണവും. ജമാഅത്തെ സ്ഥാനാർഥിക്കായി പാണക്കാട് തങ്ങൾമാർ തെരുവുകളും വീടുകളും കയറിയിറങ്ങി. ഇതിനെല്ലാമെതിരെ കടുത്ത വിയോജിപ്പാണ് അണികൾക്കുള്ളത്. പ്രതികരണം ബൂത്തിലാണ് പ്രതിഫലിക്കുക.
തെക്കൻ കേരളത്തിൽ ജമാഅത്തെ തിരിച്ചടിയായെന്നാണ് കോൺഗ്രസിലെ പ്രമുഖരുടെ വിലയിരുത്തൽ.
വലിയ പ്രത്യാഘാതമുണ്ടാക്കും: കാരശ്ശേരി
ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് സഖ്യം ആപത്തെന്ന് ആവർത്തിച്ച് എം എൻ കാരശ്ശേരി. അതിന്റെ തിക്തഫലം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും യുഡിഎഫ് അനുഭവിക്കേണ്ടിവരും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത് അവർക്കിപ്പോൾ മതരാഷ്‌ട്രവാദം ഇല്ലെന്നാണ്. മതരാഷ്‌ട്രവാദം ഇല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമിയില്ല. ജനാധിപത്യത്തിലോ ദേശീയതയിലോ മതനിരപേക്ഷതയിലോ വിശ്വാസമില്ലാത്തവരാണവർ.
മുസ്ലിംലീഗ് അണികളിലേക്ക് മതരാഷ്‌ട്രവാദത്തിന്റെ ചിന്ത കടന്നുവരാൻ ജമാഅത്തെ ബന്ധം കാരണമാകും. ഇത് കേരളീയ സമൂഹത്തിലും വലിയ അപകടമുണ്ടാക്കും. ജമാഅത്തെ ഇസ്ലാമി സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നും കോൺഗ്രസ് നയങ്ങളെ ന്യായീകരിക്കുന്ന കാരശ്ശേരി കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെയ്ക്കെതിരെ എസ്‌കെഎസ്‌എസ്‌എഫ്
ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചു എന്ന് പറഞ്ഞത് വിശ്വസനീയമല്ലെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി പ്രസ്ഥാനം എസ്‌കെഎസ്‌എസ്‌എഫ്. ആർഎസ്‌എസിന്റെ രാഷ്‌ട്രീയമുഖമാണ് ബിജെപി. അതുപോലെ ജമാഅത്തെയുടെ രാഷ്‌ട്രീയമുഖമാണ് വെൽഫെയർ പാർടിയെന്ന് തിരിച്ചറിയണമെന്ന് എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി എം അഷറഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം ‘ശിർക്കാ’ണെന്ന് പറഞ്ഞവർ, മൗദൂദിയെ തള്ളാതെ പുതിയ രാഷ്‌ട്രീയ പാർടി രൂപീകരിച്ച് മത്സരങ്ങളിലേക്ക് വരികയാണ്. മതനിരപേക്ഷ ചേരിക്കകത്ത് പ്രവർത്തിക്കാനാണ് അവരുടെ പരിശ്രമം. നമ്മുടെ അടുക്കളയിലൂടെ ജമാഅത്തെ ആശയം സമൂഹത്തിലാകെ കടത്തിവിടാനാണ് ശ്രമം. ഇതാപത്താണെന്നും മലപ്പുറം വിളയിൽ പറപ്പൂരിൽ എസ്‌കെഎസ്‌എസ്‌എഫ് ത്വലബ കോൺഫറൻസിന്റെ സമാപനത്തിൽ അഷറഫ് പറഞ്ഞു.










0 comments