print edition മിൽമയെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമയെ തകർക്കാനുള്ള നീക്കവുമായി യുഡിഎഫ് സർക്കാർ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ അട്ടിമറിച്ചാണ് സ്വകാര്യവൽക്കരണത്തിന് വഴിവെട്ടുന്നത്. വയനാട് കേന്ദ്രമായി ഉയർന്നുവരുന്ന 200 കോടിയുടെ സ്വകാര്യ ഡെയറി സംരംഭത്തിനുവേണ്ടിയാണ് അട്ടിമറി നടത്തുന്നത്. പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ളവർ ഓഹരി ഉടമകളായ പദ്ധതിയാണിത്.
ആദ്യം തിരുവനന്തപുരം മേഖലയിലെയും പിന്നീട് മലബാർ മേഖലയിലെയും ഭരണസമിതികളെയാണ് അന്യായമായി പിരിച്ചുവിടുകയായിരുന്നു. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി മിൽമയുടെ പ്രതിച്ഛായ തകർക്കുകയാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന വയനാട് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജിനെ മലബാർ മേഖലാ ഭരണസമിതിക്കെതിരായ ആരോപണം അന്വേഷിക്കുന്ന സംഘത്തിൽ അംഗമായും ഭരണസമിതി പിരിച്ചുവിട്ടശേഷം അഡ്മിനിസ്ട്രേറ്ററായും നിയമിച്ചത് സംശയം ബലപ്പെടുത്തുന്നു.
ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ മിൽമ ചെയർമാൻ സ്ഥാനം ദീർഘിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിന്റെ പിറ്റേന്നാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടത്. ചെയർമാൻ സ്ഥാനം ദീർഘിപ്പിച്ചുള്ള ഇടക്കാല വിധികൾ വന്നതോടെ മലബാർ മേഖല യൂണിയൻ ഭരണസമിതിയെയും പിരിച്ചുവിട്ടു. യൂണിയനുകളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് നടപടി. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും എറണാകുളം മേഖല യൂണിയനെ സർക്കാർ സംരക്ഷിക്കുന്നു. കോൺഗ്രസ് ഭരണസമിതിയായതിനാലാണിത്.
അവസാനഘട്ടത്തിലെത്തിയ നിയമന പ്രക്രിയ തടയുകയെന്ന ലക്ഷ്യവും ഭരണസമിതികളെ പിരിച്ചുവിട്ടതിനു പിന്നിലുണ്ട്. ഇഷ്ടക്കാർക്കായി പുതിയ നിയമനങ്ങൾ നടത്താനാണ് ശ്രമം.






0 comments