യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത് ബിജെപിയുടെ നയങ്ങൾ: പി രാജീവ്

പാലക്കാട്: യുഡിഎഫ് സർക്കാർ ബിജെപിയുടെ നയങ്ങൾ നടപ്പാക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. സ്വാതന്ത്ര ദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ലീഗ് നേതാവായ മന്ത്രിയുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിമാർക്ക് നേരിട്ട് കൈമാറിയതാണ്. അത് പറഞ്ഞാൽ അപകടത്തിൽപ്പെടുമോ എന്ന് ഭയന്നാണ് ലോക്‌ഭവനിൽനിന്നാണ് നിർദേശമെന്ന് മന്ത്രി പറഞ്ഞത്.
ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ട്. നേരത്തേ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയാലും സർക്കാരിന്റെ അഭിപ്രായം അറിഞ്ഞാൽ മാത്രമേ തുടർനടപടി ആലോചിക്കുകയുള്ളൂ. ഇവിടെ അങ്ങനെ നടന്നിട്ടില്ലെന്ന് മന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. സർക്കാരും ചാൻസലറായ ഗവർണറും തമ്മിലുള്ള ധാരണ ഗൗരവമുള്ള വിഷയമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോസ്ഥർ ഉൾപ്പെടെ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. അത് അറിഞ്ഞില്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി ഒന്ന് പറയുമ്പോൾ മറ്റ് മന്ത്രിമാർ വേറൊന്നാണ് പറയുന്നത്.
കൂട്ടുത്തരവാദിത്വം നഷ്ടടപ്പെട്ടു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രിയും സർക്കാരും നിരുത്തരവാദിത്വപരമായി പെരുമാറി. തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കുടുംബത്തെ അധിക്ഷേപിച്ചെന്നും പി രാജീവ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.










0 comments