ad
Deshabhimani

സര്‍ക്കാര്‍ ദുരഭിമാനം വെടിയണം; വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന സർക്കുലർ പിൻവലിക്കണം: പിണറായി വിജയൻ

pinarayi.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 09:08 PM | 1 min read

തിരൂർ: സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ്‌ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന സർക്കുലർ ഉടൻ പിൻവലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ -പിണറായി വിജയൻ പറഞ്ഞു. തിരുത്താൻ ഇനിയും സമയമുണ്ട്‌. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം–തിരൂരിൽ കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വന്ദേമാതരത്തിന്റെ കാര്യത്തിൽ രാജ്യത്ത് പ്രഖ്യാപിത നിലപാടുണ്ട്. കോൺഗ്രസിനും ഇതേ നിലപാടാണുണ്ടായിരുന്നത്‌. വന്ദേമാതരം പൂർണമായും ആലപിക്കുന്നത്‌ മതനിരപേക്ഷതക്ക് നിരക്കുന്നതല്ല. ഇതാണ് രാജ്യത്തിന്റെ നിലപാട്. മതനിരപേക്ഷതയുടെ നിലപാട്‌ കൂടിയാണത്‌. വന്ദേമാതരം പൂർണമായും ചൊല്ലണമെന്നത് ആർഎസ്‌എസിന്റെ നിലപാടാണ്. കോൺഗ്രസ് എന്തിനാണ് ആർഎസ്‌എസിന്റെ നിലപാട് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെ എൽഡിഎഫ് സർക്കാർ എതിർത്തിരുന്നു. കോടതിയിലും പോയി. എൽഡിഎഫ് ഭരണകാലത്ത് അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് ബോർഡ് പുനസംഘടിപ്പിച്ചത്. അമുസ്ലീങ്ങളെ ഉൾപ്പെടുത്തി ബോർഡ്‌ പുനസംഘടിപ്പിക്കാമെന്നാണ്‌ യുഡിഎഫ്‌ സർക്കാർ പറഞ്ഞത്. ആർഎസ്‌എസ്‌ അജണ്ടക്കു കീഴപ്പെടുകയാണ്‌ ഇവിടെയും. വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിയാണ്‌. ഇതിൽ പരം കീഴടങ്ങൽ വേറെ ഉണ്ടോ. പിഎംശ്രീ വിഷയത്തിലും എന്താണ്‌ നടന്നത്‌. എൽഡിഎഫ് അതിന് എതിരായിരുന്നു. എൽഡിഎഫ്‌ ആലോചിച്ചപ്പോൾ പിഎംശ്രീയുമായി മുന്നോട്ടുപോകേണ്ടെന്നാണ്‌ തീരുമാനിച്ചത്‌. ധാരണാപത്രം അല്ലാതെ മറ്റൊന്നിലും മുന്നോട്ടുപോയിരുന്നില്ല. നടപ്പാക്കിയില്ലെന്ന്‌ കേന്ദ്രസർക്കാർ തന്നെയാണ്‌ പറഞ്ഞത്‌. എന്നാൽ ഈ സർക്കാർ വന്നതോടെ നടപ്പാക്കാൻ തിടുക്കമായി.


എന്തൊശക്ക കള്ളങ്ങളാണ്‌ പ്രചരിപ്പിച്ചത്‌. ഇപ്പോൾ കള്ളിവെളിച്ചത്തായി. എംപിമാരായ അബ്ദുൾ വഹാബിന്റെയും ജെബി മേത്തറുടെയും ചോദ്യങ്ങൾക്കാണ്‌ എൽഡിഎഫ്‌ ഇത്‌ നടപ്പാക്കിയില്ലെന്ന്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞത്‌. ഇതൊക്കെ ചില ഉപകാര സ്‌മരണകളുടെ ഭാഗമായിരുന്നു. മുപ്പതിലധികം മണ്ഡലങ്ങളിലാണ്‌ പരസ്‌പരം സഹായിച്ചത്‌. കേരളം തകരുന്ന സഹായമാണിത്‌. കേരളത്തനിമ തകർക്കാനാണ്‌ കോൺഗ്രസ്‌ കൂട്ടുനിൽക്കുന്നത്‌. കഴുകൻ കണ്ണോടെയാണ്‌ ആർഎസ്‌എസ്‌ കാത്തിരിക്കുന്നത്‌. ആർഎസ്‌എസിന്‌ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ്‌ യുഡിഎഫ്‌ എന്നും പിണറായി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home