ആർജി കർ ബലാത്സംഗകൊല: പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് കേസിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. നിലവിൽ എംഎൽഎ കൂടിയായ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥിന്റെ അഭ്യർഥന പ്രകാരമാണ് മറ്റൊരു അന്വേഷണം നടത്തുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. കേസിൽ സുതാര്യമായ അന്വേഷണം നടത്തുന്നതിൽ സംസ്ഥാനത്തെ പൊലീസ് പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നതിൽ കാലതാമസമുണ്ടായതിനെക്കുറിച്ച് പരിശോധിക്കാൻ മറ്റൊരു അന്വേഷണത്തിനും ഉത്തരവിട്ടു. ഉത്തരവാദികളാരായാലും നടപടിയുണ്ടാകുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു.
2024 ആഗസ്ത് 9ന് ആണ് ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകളുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. ജനനേന്ദ്രിയത്തിൽ നിന്ന് സ്രവവും കണ്ടെത്തി.
കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശം ഉന്നയിച്ച കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്. കഴിഞ്ഞ വർഷം ആഗസ്ത് 13ന് സിബിഐ കേസിൻ്റെ അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. നവംബർ 11ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയെ കേസിൽ പ്രതി ചേർത്തു.
പ്രതി സഞ്ജയ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തി. കഴിഞ്ഞ ജനുവരി 20ന് വിചാരണക്കോടതി കേസിലെ ഏക പ്രതിയായ സഞ്ജയ് റോയിയെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2024 നവംബർ 11ന് ആരംഭിച്ച വിചാരണ 59 ദിവസമെടുത്താണ് പൂർത്തിയാക്കിയത്. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് സിബിഐയുടെ അന്വേഷണ പുരോഗതിയിൽ പൂർണ്ണ അതൃപ്തി പ്രകടിപ്പിച്ച് ഡോക്ടറുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെയ് 21ന് കേസിൽ കൽക്കട്ട ഹൈക്കോടതി പുതിയ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണം പുരോഗമിക്കവേയാണ് മറ്റൊരന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടുന്നത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തില്‍ നിന്നാണ് ജൂനിയർ ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് ജനവിധി തേടിയത്. ബിജെപി സ്ഥാനാർഥിയായിരുന്നു.









0 comments