ad
Deshabhimani

കടലിൽ കാ‌ണാതായവരുടെ എണ്ണമെടുത്ത് മുഖ്യമന്ത്രി; ദുരിതമുഖത്തും രാഷ്ട്രീയം കളിച്ച് യുഡിഎഫ്

v d satheesan
വെബ് ഡെസ്ക്

Published on Aug 09, 2026, 08:33 PM | 1 min read

തിരുവനന്തപുരം: കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, കെടുകാര്യസ്ഥത മറക്കാൻ യുഡിഎഫ് സർക്കാർ പയറ്റുന്നത് തരംതാണ രാഷ്ട്രീയം. മുൻ സർക്കാരിന്റെ കാലത്ത് 148 പേരെ കടലിൽ കാണാതായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രസം​ഗത്തിൽ ആവേശത്തോടെ പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത് കണക്കുകൾ കൂട്ടിയോജിപ്പിക്കാനായിരുന്നു എന്ന് വ്യക്തമാകുന്നില്ല.യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന് പേരെയാണ് കടലിൽ‌ കാണാതായത് എന്ന മേൻമയും നടിച്ചു. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും ഇന്നുണ്ടായത്.


മുതലപ്പുഴയിലെ ഷിജിൻ, നീണ്ടകരയിലെ ​ഗൗതം, വിഴിഞ്ഞത്തെ ജോൺ മത്യാസ് എന്നിവരെയാണ് കാണാതായിട്ട് നാളുകളാകുന്നത്.

മത്സ്യത്തൊഴിലാളികളെ നഷ്ടപ്പെട്ട കുടുംബങ്ങൾ നെഞ്ചുപൊട്ടി കരയുമ്പോഴും കാര്യക്ഷമമായി കാണാതായവരെ തെരയാൻ ഒരുപാട് വെെകിയാണ് യുഡിഎഫ് സർ‌ക്കാർ തയ്യാറായത്. അതും ഈ മൂന്ന് കുടുംബങ്ങൾ തീരദേശ പൊലീസ് സ്റ്റേഷനിൽ ചങ്കുപൊട്ടി നിലവിളിച്ചതിന് ശേഷം മാത്രം. മൂന്ന് ദിവസത്തിനകം കടലിൽ കാണാതായാവരെ തിരിച്ചുകിട്ടിയില്ലെങ്കില്‍ തെരച്ചിലിനും അവരെ കണ്ടെത്തുന്നതിനും വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നറിയുന്ന സർക്കാരാണ് ഇത്തരത്തിൽ അലംഭാവം കാട്ടുകയുണ്ടായത്.


തക്ക സമയത്ത് രക്ഷാ പ്രവർത്തനം നടത്താത്തതിന്റെ ന്യൂനതയെ കുറിച്ച് കാണാതായവരുടെ കുടുംബവും പറയുമ്പോൾ, വിഷയത്തിൽ രാഷ്ട്രീയം കലർത്തി പ്രതിപക്ഷത്തോട് തർക്കത്തിലേർപ്പെടുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നത്. ഒരു മന്ത്രിപോലും കാണാതായ മത്സ്യത്തൊഴിലാളുകളുടെ വീട്ടിൽ പോകാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നത് മറ്റൊരു ദുരിതം.


മഴക്കെടുതിയും കടൽക്ഷോഭവും മത്സ്യത്തൊഴിലാളികളെ കാണാതാവലുമൊക്കെ ഉണ്ടായിട്ടും ദുരന്തമുഖത്ത് എവിടേയും പോകാത്ത ഒരു ഫിഷറീസ് മന്ത്രിയാണ് കേരളത്തിനുള്ളത് എന്നത് നാം ഓർക്കേണ്ടതുണ്ട്. 2018 ലെ പ്രളയകാലത്ത് സ്വന്തം ജീവനും കുടുംബത്തേയും മറന്ന് മരിക്കുമെന്നുറപ്പായ മനുഷ്യരെ തങ്ങളുടെ ബോട്ടിലും വള്ളങ്ങളിലും വന്ന് രക്ഷിച്ചെടുത്ത കേരളത്തിന്റെ യഥാർഥ സെെന്യത്തിന് ദുരിതം സംഭവിച്ചപ്പോൾ അവിടേക്കൊന്ന് ചെല്ലാൻ പോലുമാകാത്ത യുഡിഎഫ് മന്ത്രിമാരെ ഏത് പേരിലാണ് നാം വിശേഷിപ്പിക്കേണ്ടത്.


തിരച്ചിൽ നടത്തുന്ന വിവിധ ഏജൻസികൾ തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ മകന്റെ ജീവൻ രക്ഷിക്കാനോ അല്ലെങ്കിൽ ശരീരം നേരത്തെ കണ്ടെത്താനോ സാധിക്കുമായിരുന്നെന്ന് കാണാതായ ഗൗതമിന്റെ അമ്മ രേഷ്മ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home