print edition ഇതാണ് പൊതുതാൽപ്പര്യം !

വി ഡി സതീശൻ
ആവനാഴിയിലെ അസ്‌ത്രങ്ങളെല്ലാം ബൂമറാങ്ങാക്കുന്ന അവസ്ഥയിലാണ് യുഡിഎഫ് സർക്കാർ. അധികാരമേൽക്കുംമുന്പേ, ഭരണാനുകൂല സംഘടനാ നേതാക്കളുടെ കത്തുകൾ, വള്ളിപുള്ളി വിടാതെ അച്ചടിമികവോടെ ഉത്തരവുകളാക്കി മാറ്റിയതാണ് ഇപ്പോൾ തിരിഞ്ഞുകുത്തുന്നത്. യുഡിഎഫ് സർക്കാർ വന്നതോടെ നിരവധി ജീവനക്കാർ തലങ്ങും വിലങ്ങും നാടുകടത്തപ്പെട്ടു. വിഷയം അടിയന്തര പ്രമേയമായി വന്നപ്പോൾ ചോദ്യങ്ങൾക്ക് നേരായവിധം ഉത്തരം പറയുക ബുദ്ധിമുട്ടായി.
എൽഡിഎഫ് സർക്കാരുകളുടെ ഉത്തരവുകളും മറുപടികളും തിരഞ്ഞാൽ വല്ലതും കിട്ടുമോ എന്നായി, മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി സണ്ണിജോസഫ്. പറഞ്ഞ മറുപടിയെല്ലാം ബൂമറാങ്ങുമായി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചത് ‘ഇതെന്ത് പൊതുതാൽപര്യം’ എന്നാണ്. രണ്ടായിരത്തിലധികം ജീവനക്കാരെയാണ് മാനദണ്ഡം നോക്കാതെ മാറ്റിയത്. 2017ൽ എൽഡിഎഫ് സർക്കാർ മാനദണ്ഡമുണ്ടാക്കിയാണ് സ്ഥലംമാറ്റം നടപ്പാക്കിയത്. ഇപ്പോഴത്തെ സ്ഥലംമാറ്റം സെക്രട്ടറിയറ്റ് ദല്ലാൾമാരുടെയും ഏജന്റുമാരുടെയും പവർ ബ്രോക്കർമാരുടെയും താവളമാക്കാനുള്ള നീക്കമാണ്.
രണ്ട് കാലങ്ങളിലെ സ്ഥലംമാറ്റങ്ങൾ ഒരുപോലെയായിരുന്നില്ലെന്ന്, അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി ജോയി തെളിയിച്ചു. യുഡിഎഫ് സംഘടനാ നേതാക്കളുടെ കത്തുകൾ ഉത്തരവാക്കുന്നു, അത് അപ്പാടെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുന്നുവെന്ന് ജോയി പറഞ്ഞപ്പോൾ ട്രഷറി ബെഞ്ചിൽനിന്ന അൻവർ സാദത്തിന്റെ കമന്റ് ‘ഭരണം മാറി’ എന്ന്. ജോയി തിരിച്ചടിച്ചു, ഭരണം മാറിയാൽ എന്തും ചെയ്യാമെന്നാണോ ?
വി ടി ബൽറാം തെരഞ്ഞെടുപ്പ് കാലത്തെ കവലപ്രസംഗത്തിന്റെ ഹാംങ് ഓവറിലാണോ? ജയിച്ചത് വിശ്വസിക്കാനാവാത്തതുപോലൊരു പരിഭ്രമം. പഴയവരായാലും പുതിയവരായാലും ‘ഡെക്കോറം’ പാലിക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ. നിലാവത്ത് കോഴിയെ അഴിച്ചുവിട്ടതുപോലെ നടക്കാനുള്ള സ്ഥലമല്ല സഭയെന്ന് സൂചന. പുതിയ അംഗങ്ങൾ മുഖ്യമന്ത്രി സതീശന് പഠിക്കുന്നുവെന്ന് തോന്നുംവിധം പരക്കെ പരിഹാസം ചൊരിഞ്ഞപ്പോൾ കെ വി സുമേഷ് പറഞ്ഞു, ‘ഞങ്ങൾ തോറ്റുവെന്നത് ശരി. പക്ഷെ, പരിഹസിക്കുന്നവർ 67ൽ ഒമ്പത് അംഗങ്ങളുമായി വന്ന കെ കരുണാകരന്റെ ചരിത്രം കൂടി പഠിക്കുന്നത് നല്ലതാണ്’. ചരിത്രം പഠിക്കണമെന്നോ, നടന്നതുതന്നെ.









0 comments