print edition നിറംമാറ്റത്തിൽ കുടുങ്ങി 3000 ബസുകൾ

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന് പറഞ്ഞുപറ്റിച്ച യുഡിഎഫ് സർക്കാർ ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത കളർ കോഡിൽ കൈമലർത്തുന്നു. സതീശന്റെ വാക്ക് വിശ്വസിച്ച് ബസുകളുടെ നിറം മാറ്റിയവർ അവ നിരത്തിലിറക്കാനാകാതെ വെട്ടിലായി.
2022ൽ പാലക്കാട് വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ടൂറിസ്‌റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയിരുന്നു. വെള്ളനിറം ഒഴിവാക്കി ഇഷ്‌ടനിറം നൽകാൻ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യുഡിഎഫ് സർക്കാരിന് ശുപാർശ നൽകി. ഇത് അംഗീകരിച്ച് സർക്കാർ അനുമതിയും നൽകിയെങ്കിലും നിയമം ഭേദഗതി ചെയ്തില്ല. അതുകൊണ്ടുതന്നെ നിറം മാറ്റിയ പഴയ ബസുകൾ നിരത്തിലിറക്കാനാകുന്നില്ല. സർക്കാർ ഉത്തരവ് പ്രതീക്ഷിച്ചാണ് ഉടമകൾ ബസിന്റെ നിറം മാറ്റിയത്.
സർക്കാരിന്റെ വാക്കുവിശ്വസിച്ച് ഇരുന്നൂറോളം ബസ്സുകൾ പുതുതായി പണി കഴിപ്പിച്ച് മറ്റ് നിറങ്ങളടിച്ച് സംസ്ഥാനത്തെത്തിയിട്ടുണ്ട്. വെള്ള നിറമല്ലാത്തതിനാൽ ആർടിഒ ഓഫീസുകളിൽ രജിസ്‌ട്രേഷൻ നടത്തി നൽകുന്നില്ല. അന്പത് ലക്ഷത്തിനുമേൽ വായ്പയടച്ച വാഹനങ്ങളാണ് പലതും. ഉടമകൾ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
വെള്ള നിറമാക്കിയപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചതിനാൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. 1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസ് ചട്ടം 264 പ്രകാരം നിലവിൽ വന്ന കളർ കോഡ് പിൻവലിക്കാനോ ഭേദഗതി വരുത്താനോ നിയമനിർമാണത്തിലൂടെയേ കഴിയൂ. ചെറുകിട- ഇടത്തരം സംരംഭകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്.









0 comments