മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ നീക്കം കടുപ്പിക്കാൻ 'ഇന്ത്യ' കൂട്ടായ്മ; ബുധനാഴ്ച നിര്‍ണായക യോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ സംയുക്ത നീക്കം കടുപ്പിക്കാൻ 'ഇന്ത്യ' കൂട്ടായ്മ. ഇതിന്റെ ഭാഗമായുള്ള നിർണായക യോഗം സെപ്തംബർ 30 ബുധനാഴ്ച ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ നിലപാട്, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ, തുടർ സംയുക്ത പ്രക്ഷോഭം എന്നിവയാണ് യോഗത്തില്‍ പ്രധാനമായും ചർച്ചയാവുക.
എസ്ഐആർ നടപടിക്രമങ്ങളിലെ ചില തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ പാർടികൾ വീണ്ടും സംയുക്ത നീക്കത്തിലേക്ക് കടന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾക്കെതിരെ ഒരുമിച്ചുള്ള രാഷ്ട്രീയ-നിയമ പോരാട്ടത്തിനുള്ള രൂപരേഖ യോഗത്തിൽ ചർച്ച ചെയ്യും.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പുതിയ നോട്ടീസ് നൽകുന്ന കാര്യവും മുന്നണിയുടെ സജീവ പരിഗണനയിലാണ്. നിയമവിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നും എസ്ഐആർ അടിയന്തരമായി നിർത്തണമെന്നും സിപിഐ എം, സിപിഐ, സിപിഐ എംഎൽ-ലിബറേഷൻ ഉൾപ്പെടെയുള്ള പാർടികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗം വിളിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി സംസാരിച്ചു. ഇതിന് പിന്നാലെയാണ് മമത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്. മമത ബാനർജിയും അഭിഷേക് ബാനർജിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഇതിന് കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാട്ടുന്നത്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെയും ഇന്ന് അറിയിച്ചിട്ടുണ്ട്.








0 comments