യുഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

വി ഡി സതീശന്‍
തിരുവനന്തപുരം: ഇരുപത്തൊന്നംഗ യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞചെയ്‌ത് അധികാരമേൽക്കും. സെക്രട്ടറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചുമതലയേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രി വി ഡി സതീശനടക്കം 12 പേർ. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, പി സി വിഷ്‌ണുനാഥ്, എ പി അനിൽകുമാർ, റോജി എം ജോൺ, ബിന്ദു കൃഷ്‌ണ, എം ലിജു, ടി സിദ്ദിഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്നിവരാണ് മന്ത്രിമാർ.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്‌പീക്കറും ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്‌പീക്കറുമാകും. മുസ്ലിം ലീഗിൽനിന്ന് പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, കെ എം ഷാജി, പി കെ ബഷീർ, വി ഇ അബ്‌ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. മറ്റു ഘടകകക്ഷി മന്ത്രിമാർ: മോൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ്), ഷിബു ബേബിജോൺ (ആർഎസ്‌പി), അനൂപ് ജേക്കബ് (കേരള കോൺ. ജേക്കബ്) സി പി ജോൺ (സിഎംപി). ചീഫ് വിപ്പായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അപു ജോൺ ജോസഫിനെ നിയമിക്കും. മന്ത്രിമാരുടെ പട്ടിക വി ഡി സതീശൻ ലോക്‌ഭവനിലെത്തി ഗവർണർക്ക് കൈമാറി. വകുപ്പുകൾ അന്തിമമായി തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറ് പതിറ്റാണ്ടിനുശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭ അധികാരമേൽക്കുന്നത്.
സത്യപ്രതിജ്‌ഞയ്‌ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്‌ഭവനിൽ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കും. തുടർന്ന് സെക്രട്ടറിയറ്റിൽ മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.











0 comments