അഞ്ച് മന്ത്രിസ്ഥാനം വേണം, വകുപ്പുകൾ വിട്ടുകൊടുക്കില്ല; കടുംപിടുത്തവുമായി ലീഗ്; കോൺഗ്രസിലും പോര് മുറുകുന്നു

തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സങ്കീർണ്ണമാക്കി മുസ്ലിം ലീഗിൻ്റെ കടുത്ത നിലപാട്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ലീഗ്, മുൻപ് കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
രണ്ട് ദിവസത്തിനകം മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനയെങ്കിലും ഘടകകക്ഷികൾക്കിടയിലെ ഭിന്നത മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നതിനിടയിലാണ് ലീഗ് നേതൃത്വത്തിൻ്റെ ഈ കടുംപിടുത്തം.
പരമ്പരാഗതമായി തങ്ങൾ കൈവശം വെച്ചിരുന്ന വകുപ്പുകൾ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. മന്ത്രിസ്ഥാനത്തേക്ക് പി കെ കുഞ്ഞാലിക്കുട്ടി, പി കെ. ബഷീർ, എൻ ഷംസുദ്ദീൻ, കെ എം. ഷാജി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കപ്പെടുന്നത്.
എന്നാൽ മലബാർ മേഖലയിൽ നിന്നും കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ലീഗിൽ ആഭ്യന്തര കലഹത്തിന് വഴിവെച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗ് നേതൃത്വം പരസ്യമായി രംഗത്തെത്തി. പാറക്കൽ അബ്‌ദുള്ള, ജില്ലാ പ്രസിഡൻ്റ് റസാഖ് മാസ്റ്റർ എന്നിവരാണ് കോഴിക്കോട് നിന്ന് അവകാശവാദം ഉന്നയിക്കുന്നത്.
ഇതിനുപുറമെ ആബിദ് ഹുസൈൻ തങ്ങൾ, എ കെ എം അഷ്‌റഫ് എന്നിവരെയും പരിഗണിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക. ലീഗിൻ്റെ കടുംപിടുത്തത്തിന് പിന്നാലെ കോൺഗ്രസിലും ഗ്രൂപ്പ് പോര് മുറുകുകയാണ്.
മലബാറിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാർ മന്ത്രിസ്ഥാനത്തിനായി ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും കരുനീക്കങ്ങൾ ശക്തമാക്കി. ബാക്കിയുള്ള സീറ്റുകൾക്കായി ടി സിദ്ദിഖ്, കെ ജയന്ത്, വി ടി ബൽറാം, കെ പ്രവീൺകുമാർ എന്നിവരാണ് രംഗത്തുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഇതിൽ പ്രകടമാണ്.
വി ടി ബൽറാം വി ഡി സതീശൻ പക്ഷക്കാരനായി നിലയുറപ്പിക്കുമ്പോൾ, ടി സിദ്ദിഖ് ഉൾപ്പെടെയുള്ള ബാക്കി മൂന്ന് പേരും കെ സി വേണുഗോപാൽ പക്ഷക്കാരാണ്. ഗ്രൂപ്പ് താല്പര്യങ്ങൾക്ക് പുറമെ സമുദായ സമവാക്യങ്ങൾ കൂടി കണക്കിലെടുത്താകും കോൺഗ്രസ് ഹൈക്കമാൻഡ് മന്ത്രിമാരെ നിശ്ചയിക്കുക. സീറ്റ് വിഭജനവും വകുപ്പ് വിഭജനവും കീറാമുട്ടിയായി തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യുഡിഎഫിൽ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.










0 comments