print edition വനിതാ വികസന കോർപറേഷൻ; ക്രമക്കേടിന് പുറത്താക്കിയ ലീഗുകാരൻ എംഡി

തിരുവനന്തപുരം: ക്രമക്കേടിന്റെ പേരിൽ പുറത്താക്കപ്പെട്ട മുസ്ലിംലീഗ് അനുഭാവിയായ ഉദ്യോഗസ്ഥനെ വീണ്ടും വനിതാ വികസന കോർപറേഷൻ എംഡിയാക്കി യുഡിഎഫ് സർക്കാർ. വകുപ്പ് മന്ത്രിപോലും അറിയാതെയാണ് നിയമനം.
വനിതാ– ശിശു വികസന വകുപ്പിലെ പൊതുമേഖലാ സ്ഥാപനമായ വനിതാ വികസന കോർപറേഷന്റെ എംഡിയായിരിക്കെ പുറത്താക്കപ്പെട്ട പി ടി മുഹമ്മദ് സുനീഷിനെയാണ് യുഡിഎഫ് സർക്കാർ വീണ്ടും അതേസ്ഥാനത്ത് നിയമിച്ചത്. സുനീഷിനെതിരെ വിജിലൻസ് കോടതിയിൽ കേസുണ്ട്. പൊതുമേഖലാ സ്ഥാപനത്തിൽ സ്ഥിരം എംഡി നിയമനം പാടില്ലെന്ന പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സിന്റെ ഉത്തരവ് നിലനിൽക്കെയാണ് ചട്ടവിരുദ്ധ നിയമനം.
നേരത്തെ വനിതാ വികസന കോർപറേഷൻ എംഡിയായിരിക്കെ നടപ്പാക്കിയ സുരക്ഷ അറ്റ് സ്‌കൂൾ, ഷീ ഒപ്‌ടിക്കൽസ്, ധാരണ പദ്ധതികൾക്ക് അനുമതി നൽകിയതിലും നടത്തിപ്പിലും ക്രമക്കേട് കണ്ടതിനെതുടർന്നാണ് സുനീഷിനെതിരെ വിജിലൻസ് കേസെടുത്തത്. അന്വേഷണത്തിൽ കൃത്യവിലോപവും തെറ്റായ നടപടികളും തെളിഞ്ഞിരുന്നു. തുടർന്നാണ് സസ്‌പെൻഡ് ചെയ്‌തത്.
സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിക്ക് സുനീഷ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, വനിതാ വികസന കോർപറേഷനിലൊഴികെ ഇയാൾക്ക് നിയമനം നൽകാമെന്ന് ശുപാർശ ചെയ്‌തിരുന്നു. തുടർന്ന് ജെൻഡർ പാർക്ക് സിഇഒയായി നിയമനം നൽകി. പിന്നീട് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് സിഇഒയായി മാറ്റി നിയമിച്ചു.
ഇൗ ചുമതലയിലിരിക്കെയാണ് വീണ്ടും കോർപറേഷനിൽ നിയമിച്ചത്. ക്ഷേമനിധി ബോർഡ് സിഇഒയുടെ അധികച്ചുമതലയുമുണ്ട്. വിജിലൻസ് കേസ് നിലനിൽക്കെ വീണ്ടും അതേ സ്ഥാപനത്തിൽ എംഡിയായി നിയമിച്ചത് കേസ് അട്ടിമറിക്കപ്പെടാനും ഇടയാക്കും.









0 comments