അറബ് പാർടികളുടെ വിലക്ക് റദ്ദാക്കി ഇസ്രയേൽ സുപ്രീംകോടതി

ടെൽ അവീവ് : 27ന് നടക്കാനിരിക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അറബ് രാഷ്ട്രീയ പാർടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഏകകണ്ഠമായി റദ്ദാക്കി. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്വിഡ്പാർടി പ്രതിനിധികൾക്കു ഭൂരിപക്ഷമുള്ള സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ വിവേചനപരമായ തീരുമാനമാണ് സുപ്രീംകോടതി തിരുത്തിയത്. ചരിത്രപരമായ വിധിയോടെ യുണൈറ്റഡ് അറബ് ലിസ്റ്റ്, ഹദാഷ്- താൽ- ബലദ് പാർടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് എന്നിവയ്ക്ക് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചു.
ഇസ്രയേലിലെ പലസ്തീൻ ജനവിഭാഗങ്ങളുടെ രാഷ്ട്രീയശബ്ദത്തെ ഇല്ലാതാക്കാൻ സെപ്‌തംബർ 23നാണ് ഇലക്‌ഷൻ കമ്മിറ്റി വിലക്കേർപ്പെടുത്തിയത്. നെതന്യാഹു ഏഴാംതവണയും അധികാരം ലക്ഷ്യമിട്ട് മത്സരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയാണ് കോടതിവിധിയിലൂടെ തകർന്നത്. ആരോപണങ്ങൾക്ക് നിയമപരമായ തെളിവില്ലെന്ന് അറ്റോർണി ജനറൽ ഗാലി ബഹരാവ്-മിയാരയുടെ ഓഫീസും മുൻപ് വ്യക്തമാക്കിയിരുന്നു.
അറബ് സഖ്യത്തിലെ ഏക ജൂത പാർലമെന്റ് അംഗമായ ഓഫർ കാസിഫിന് ഏർപ്പെടുത്തിയ വിലക്കും സുപ്രീംകോടതി റദ്ദാക്കി. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നുപറഞ്ഞതിനും പലസ്തീൻ ജനകീയ നേതാവ് മർവാൻ ബർഗൂതിയെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടതിനുമാണ് കാസിഫിനെ വേട്ടയാടിയത്.








0 comments