കോൺഗ്രസ് സർക്കാരുകൾ വാങ്ങിച്ചത് 5243 കോടിരൂപ
print edition കേരളത്തിൽ ഭ്രഷ്‌ട്, മറ്റിടങ്ങളിൽ ഭായ് ഭായ്


വൈഷ്‌ണവ് ബാബു
Published on Oct 26, 2025, 03:26 AM | 1 min read
തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനത്തെ കോൺഗ്രസ് പ്രകടിപ്പിക്കുന്നത് പരിഹാസ്യമായ ഇരട്ടത്താപ്പ്. തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പദ്ധതിയെ പൂർണമായി പിന്തുണയ്ക്കുകയാണെന്ന വസ്തുത മറച്ചുവച്ചാണ് കേരളത്തിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. പിഎം ശ്രീയിൽ ഒപ്പുവച്ച്, രണ്ട് വർഷത്തിനിടെ 5243.89 കോടി രൂപയാണ് ഇൗ സംസ്ഥാനങ്ങൾ കൈപ്പറ്റിയത്. പിഎം ശ്രീ വഴി 626.41 കോടിയും സമഗ്രശിക്ഷ വഴി 4617.48 കോടിയുമാണ് കേന്ദ്രം നൽകിയത്.
കർണാടകയിൽ 585 സ്കൂളുകൾ പദ്ധതിയുടെ ഭാഗമാണ്. ഇവിടെ ബിജെപി സർക്കാർ 2022-ൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാൽ 2023-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നപ്പോൾ തുകയുടെ അനുപാതത്തിൽ (60:40) എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോയി. തെലങ്കാനയിൽ 794 സ്കൂളുകൾ പദ്ധതിയുടെ ഭാഗമാക്കി. 2023–-ൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം പൂർണമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിനെ കോൺഗ്രസ് സർക്കാരാണ് പിഎം ശ്രീയുടെ ഭാഗമാക്കിയത്. നിലവിൽ 199 സ്കൂളുകളാണ് ഉൾപ്പെടുത്തിയതെങ്കിലും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന രാജസ്ഥാൻ സർക്കാരാണ് പദ്ധതിയിൽ ആദ്യം ഒപ്പിട്ടത്. എൻഇപിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചാണ് കോൺഗ്രസ് ഒപ്പിടുന്നത്. എന്നാൽ അതിൽനിന്ന് വ്യത്യസ്ഥമായ നിലപാടാണ് കേരളം സ്വീകരിച്ചുവരുന്നത്.
ലീഗില്ല: കുഞ്ഞാലിക്കുട്ടി
പി എം ശ്രീ പദ്ധതിയിൽ ഉൾപ്പെടാൻ ലീഗില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആദർശം കളഞ്ഞ് ആരൊക്കെ സാഷ്ടാംഗം പ്രണമിക്കുമെന്നുനോക്കാം. ബംഗാളും തമിഴ്‌നാടുംമാത്രമാണ് വിട്ടുനിന്നതെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.











0 comments