print edition പിഎം ശ്രീയിൽ മലക്കംമറിച്ചിൽ: മറുപടി മുട്ടി യുഡിഎഫ്, തരികിടയുമായി ലീഗ്

പ്രത്യേക ലേഖകൻ
Published on Aug 02, 2026, 12:01 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീയിൽ സംസ്ഥാനത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്തിയ യുഡിഎഫ് മലക്കം മറിഞ്ഞത് തിരിച്ചടിക്കുന്നു. വിഷയത്തിൽ ‘തരികിട ’ കളിക്കുന്ന ലീഗിനെതിരെ അണികളുടെ രോഷം ശക്തം. കോൺഗ്രസ് –ലീഗ് ഒത്തുകളി പരസ്യമായതിനുപിന്നാലെ യുഡിഎഫ് യോഗത്തിൽ ലീഗ് നേതാക്കൾ ശക്തമായ നിലപാടെടുത്തില്ലെന്ന വിവരവും പുറത്തുവന്നു. ഫോർവേഡ് ബ്ലോക്കിലെ ജി ദേവരാജനാണ് പിഎം ശ്രീ വിഷയം ഉന്നയിച്ചത്. മറുപടി പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ ഉൗന്നിയത് ‘ നമുക്ക് പണം കിട്ടും ’ എന്നതിലാണ്. പരിശോധന നടത്തി നടപ്പാക്കുമെന്ന നിലപാട് മുഖ്യമന്ത്രി പറഞ്ഞപ്പോഴും ലീഗ് എതിർത്തില്ല. ഉപസമിതി റിപ്പോർട്ടിനുശേഷം നടപ്പാക്കാമെന്നായിരുന്നു ലീഗ് അഭിപ്രായം. എന്നാൽ പുറത്ത് മറിച്ചും പറഞ്ഞു. എതിർപ്പ് ഉന്നയിച്ചുവെന്ന് കള്ളം പ്രചരിപ്പിച്ച് കോൺഗ്രസിനൊപ്പം ചേർന്ന് പദ്ധതി നടപ്പാക്കുകയാണ് ലീഗ്.
ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ധാരണപത്രത്തിൽനിന്ന് പിന്മാറുകയുംചെയ്ത എൽഡിഎഫ് സർക്കാരിനെതിരെ ‘ ബിജെപിയുമായുള്ള ഒത്തുകളി ’ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ യു ടേൺ അടിച്ചത്. കേന്ദ്രനിബന്ധനകൾ അതേപടി പാലിച്ച് പിഎം ശ്രീ നടപ്പാക്കുകയാണ് കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. പദ്ധതിയിൽനിന്ന് പിന്മാറാൻ തടസമില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ ആവർത്തിച്ച് വ്യക്തമാക്കിയതോടെ യുഡിഎഫ് സർക്കാരിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു. തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ നടത്തിയ മുഴുവൻ പ്രസ്താവനകളും വിഴുങ്ങേണ്ട അവസ്ഥയാണ്. പി എം ശ്രീ അറബിക്കടലിൽ തള്ളുമെന്ന് പറഞ്ഞവർ അധികാരത്തിലേറിതോടെ അതിന്റെ വക്താക്കളായി. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയത് ആരെന്ന് വ്യക്തമാക്കുകയാണ് ഇൗ കള്ളക്കളി.
അഭിപ്രായവ്യത്യാസം സ്വാഭാവികം: സ്പീക്കർ
പിഎം ശ്രീ വിഷയത്തിൽ മുസ്ലിംലീഗും കോൺഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസം സ്വാഭാവികമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാരിന്റെ സമീപനം യുഡിഎഫ് ചർച്ച ചെയ്യും. എല്ലാവർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകും. എന്നാൽ, തീരുമാനമെടുത്താൽ ഒരുമിച്ച് മുന്നോട്ടുപോകും. വികസന പ്രവർത്തനങ്ങൾ നിശ്‌ചിത സമയത്തിനകം മുന്നോട്ടുപോകണമെങ്കിൽ തർക്കിച്ച് സമയം കളയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments