'വർണക്കടലാസിൽ പൊതിഞ്ഞ കൊടും വിഷമാണ് ട്വന്റി 20', സാബു ജേക്കബിനും രൂക്ഷവിമർശനം; ജില്ലാ കോർഡിനേറ്റർ രാജിവെച്ചു

അസ്‌ലഫ് പാറേക്കാടന്‍, സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പാർടിക്കും ചീഫ് കോ–ഓർഡിനേറ്റർ സാബു എം ജേക്കബിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച്, എറണാകുളം ജില്ലാ കോർഡിനേറ്റർ രാജിവെച്ചു. അഡ്വ. അസ്‌ലഫ് പാറേക്കാടന്‍ ആണ് രാജിവെച്ചത്. അധികമാർക്കും അറിയാത്ത കപട രാഷ്ട്രീയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് രാജിവെയ്ക്കുന്നതെന്ന് അസ്‍ലഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സംഘപരിവാറിന് കേരളത്തിൽ ചുവടുറപ്പിക്കാന്‍ ഉപകരാർ എടുത്തതാണ് ട്വന്റി 20 എന്നും, പുറമെ വർണക്കടലാസിൽ പൊതിഞ്ഞ് ആകർഷകമാക്കിയ കൊടിയ വിഷമാണ് അതെന്നും അസ്‍ലഫ് പറഞ്ഞു. പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമാണ് ട്വന്റി 20യുടെ കൂടെ പ്രവർത്തിച്ചത്. ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർത്ഥത്തിൽ ട്വന്റി 20 തിരിച്ചറിഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി 20. വരും ദിവസങ്ങളിൽ കൂടുതൽ തുറന്നുകാട്ടലുകൾ നടത്തുമെന്നും അസ്‍ലഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അഡ്വ. അസ്‌ലഫ് പാറേക്കാടന്‍റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയമുള്ളവരേ,
ട്വന്റി -ട്വന്റിയിൽ നിന്ന് ഞാൻ രാജി വെക്കുന്നു. വളരെ ചെറിയൊരു കാലയളവിൽ 20-20 എറണാകുളം ജില്ലാ കോർഡിനേറ്റർ എന്ന നിലയിലാണ് ഞാൻ പ്രവർത്തിച്ചു വന്നിരുന്നത്. എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് 20-20 യുടെ കൂടെ പ്രവർത്തിച്ച ഈ കാലയളവിനെ ഞാൻ കണക്കാക്കുന്നത്.
പൊതുപ്രവർത്തകർക്കും ചിലപ്പോൾ തെറ്റുകൾ പറ്റാം,പക്ഷെ ആ തെറ്റിനെ ന്യായികരിച്ചു ജനങ്ങളെ വഞ്ചിക്കാതെ അത് തുറന്നു സമ്മതിക്കുന്നവനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാർത്ഥ പൊതുപ്രവത്തകനെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.
ഈ ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർത്ഥത്തിൽ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാൻ സാധിച്ചു. വ്യവസായി ശ്രീ. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് 20-20 യിൽ നിന്നും ഞാൻ രാജി വെയ്ക്കുന്നത്.
പുറമെ വർണക്കടലാസ്സിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് ശ്രീ. സാബു എം ജേക്കബിന്റെ 20-20.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് 20-20.
ഇന്നിപ്പോൾ കുന്നത്തുനാടിന് പുറത്തേക്കു തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന ട്വന്റി -20 ഉത്തരേന്ത്യൻ പി.ആർ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകൾ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നത് .
പതുക്കെ പതുക്കെ സംഘപരിവാറിന് -BJP രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്കോൺട്രാക്ട് ഏറ്റെടുത്ത ശ്രീ. സാബു എം ജേക്കബിന്റെ ട്വന്റി -20 എന്ന ഉട്ടോപ്യൻ സ്വർഗ ലോകത്തിന്റെ യഥാർത്ഥ മുഖമെന്താണെന്നു കേരള ജനതയെ അറിയിക്കാനുള്ള നിയോഗമുള്ളതിനാലായിരിക്കും എന്റെ രാഷ്ട്രിയ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത 20-20 യിൽ ഞാൻ എത്തിച്ചേർന്നത്.
ശ്രീ.സാബു എം ജേക്കബിന്റെ 20-20 എന്ന സ്ലോ പോയ്സൺ എന്താണെന്ന് ജനങ്ങളുടെ മുന്നിൽ 😑വരും ദിവസങ്ങളിൽ തുറന്നുകാട്ടാനുള്ള ദൗത്യം ഞാൻ സധൈര്യം ഏറ്റെടുക്കുന്നു.








0 comments