'സമസ്താപരാധം പൊറുക്കണം', വനിതാ നേതൃത്വത്തിനായി വാദിച്ചത്തിൽ ക്ഷമചോദിക്കുന്നുവെന്ന് മാലാ പാർവതി

മാലാ പാർവതി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടി മാലാ പാർവതി. സംഘടനയിൽ നടക്കുന്ന ഒരു കാര്യങ്ങളും അംഗങ്ങൾ അറിയുന്നില്ലെന്നും, സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിച്ചതിന് ക്ഷമചോദിക്കുന്നുവെന്നും മാലാ പാർവതി പറഞ്ഞു.
ഒരു പാട് നല്ല കാര്യം നടക്കുമെന്ന് വിചാരിച്ചിട്ടാണ് വനിതകൾ നേതൃത്വത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതും ഇടപെട്ടതും. എന്നാൽ ഇപ്പോൾ നാട്ടുകാരോട് പറയാനുള്ളത് തന്നോട് സമസ്താപരാധം പൊറുക്കണം എന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുവരേയ്ക്കും അംഗങ്ങളോട് ഒരു കാര്യങ്ങളും അറിയിച്ചിട്ടില്ല. മീറ്റിങ് നടക്കുന്നത് മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലുള്ള വഴക്കും ചെളിവാരിയെറിയലുമാണ് ഇപ്പോൾ നടക്കുന്നത്.
'അമ്മ' പ്രസിഡന്റും സെക്രട്ടറിയും രണ്ടുവഴിക്കാണ് പോകുന്നത്. സംഘടനയിലെ അംഗങ്ങൾ എല്ലാവരും തലാഴ്ത്തിയിരിക്കുന്ന അവസ്ഥയാണ്. ഭരണസമിതി രാജിവെച്ച് ഒഴിയുന്നതാണ് മാന്യതയെന്നും മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു.
'അമ്മ' എക്സിക്യൂട്ടീവ് അംഗം ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അൻസിബ ഹസൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ജിഹാദി എന്നുവിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. രാജിക്കത്ത് കൊടുത്തപ്പോൾ ഇക്കാര്യങ്ങൾ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞിരുന്നു. സിനിമയിൽനിന്ന് പുറത്താകുമെന്ന് ഭയന്നും സംഘടനയുടെ അന്തസ്സിനും വേണ്ടിയാണ് രാജികാരണങ്ങൾ മറച്ചുവച്ചതെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങൾ വ്യക്തമാക്കി അംഗങ്ങൾക്ക് അൻസിബ അയച്ച കത്തും പുറത്തുവന്നു.
ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ടിനി ടോം പ്രതികരിച്ചത്. പത്തുവർഷമായി എക്‌സിക്യൂട്ടീവ് അംഗമാണ്. ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. രാജി ചർച്ചചെയ്‌ത കമ്മിറ്റിയിൽ നേരിട്ട് ഫോണിൽവിളിച്ചപ്പോൾ തിരക്കുകൾ കാരണം രാജിയെന്നാണ് അൻസിബ അറിയിച്ചത്. അൻസിബയെ ‘ജിഹാദി'യെന്ന് വിളിച്ചിട്ടില്ല’– ടിനി ടോം പറഞ്ഞു.
എന്നാൽ, അൻസിബയുടെ ആരോപണങ്ങൾ ആസൂത്രിതമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്‍ഞു. സംഘടനയുടെ ക്യാമ്പ് നടക്കുന്ന ദിവസം ആരോപണം ഉയർത്തിയത് മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ്. രാജിക്കത്തിൽ ടിനിക്കെതിരെ ആരോപണമില്ല. രാജി വ്യക്തിപരമായ കാരണങ്ങളെന്നാണ് പറഞ്ഞിരുന്നത്. പരാതിയിലെ വിഷയങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരിശോധിക്കും– ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് നടി നീന കുറുപ്പ് പരാതി നൽകി. ടിനി ടോം തന്നെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നീന കുറുപ്പ് നൽകിയ പരാതിയിൽ പറയുന്നു. 'അമ്മ' കുടുംബ സംഗമത്തിന്റെ റിഹേഴ്‌സലിനിടെ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി. 'അമ്മ'യുടെ ഓഫീസിൽ വച്ചാണ് പല അതിക്രമങ്ങളും നേരിടേണ്ടി വന്നതെന്നും മറ്റ് അംഗങ്ങൾ പിടിച്ചുമാറ്റിയതുകൊണ്ടാണ് ടിനി ടോമിന്റെ ഉപദ്രവത്തിൽ നിന്ന് താൻ രക്ഷപെട്ടതെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു. നിരവധി വനിത അംഗങ്ങൾക്ക് ടിനി ടോമിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പലരും ടിനി ടോമിന്റെ ഭീഷണി ഭയന്ന് പരാതി നൽകാൻ പലരും മടിക്കുകയാണെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു. വ്യക്തികളെ മാത്രമല്ല കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.










0 comments