മുക്കുപണ്ടം പണയം വെച്ച് 30 ലക്ഷം തട്ടി; മൂന്നുപേർ പിടിയിൽ

കടയ്ക്കൽ: വ്യാജ ആധാർ കാർഡ് നിർമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷത്തോളം രൂപ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം, ഇടക്കോണം പണയിൽ വീട്ടിൽ രമ്യ (27) രമ്യയുടെ ആൺ സുഹൃത്ത് ചിറയിൻകീഴ് സരളാ ഭവനിൽ ഗോൾഡൻ സജിത്ത് എന്നറിയപ്പെടുന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ (32) എന്നിവരാണ് ചിതറ പൊലീസിന്റെ പിടിയിലായത്. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായതെന്ന് ചിതറ പൊലീസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ അൽത്താഫിനെ ചിതറ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. പിടിയിലായ രമ്യ കഴിഞ്ഞ ജനുവരി മാസത്തിലാണ് മുക്കുപണ്ടം തട്ടിപ്പ് കേസിൽ ജയിലിൽനിന്നും പുറത്തിറങ്ങിയത്. അതിന് ശേഷമാണ് ചിതറയിലും കടയ്ക്കലും അടക്കമുള്ള നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
തട്ടിപ്പ് നടത്തുന്നതിനു മുന്നേ സ്വകാര്യ പണമിടപാട് സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും ആ പ്രദേശത്തെ പേര് ഉൾപ്പെടുത്തി വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയാണ് സംഘത്തിന്റെ രീതി. അതിനുശേഷം സ്ഥാപനത്തിലെത്തി തട്ടിപ്പ് നടത്തുന്നതാണ് രീതി. കഴിഞ്ഞദിവസം സജിത്ത് പണയം വയ്ക്കാൻ ചിതറയിലെ സ്ഥാപനത്തിൽ എത്തുകയും പണയ ഉരുപ്പടികൾ സ്ഥാപന ഉടമയ്ക്ക് നൽകുകയും ചെയ്തു.
ചിതറയിൽ വീടുപണി നടക്കുന്നുണ്ടെന്നും അതിൻ്റെ ആവശ്യത്തിനാണ് സ്വർണം പണയം വെക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ രമ്യ പറഞ്ഞത് വീടുപണി നടക്കുന്നത് കൊട്ടാരക്കരയിലെന്നാണ്. സംശയം തോന്നിയ ഫിനാൻസ് ഉടമ കടയ്ക്കലിലെ ജ്വല്ലറിയിൽ പണയ ഉരുപ്പടികൾ കൊണ്ട് പോയി പരിശോധന നടത്തിയപ്പോൾ സ്വർണം തന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് പണയം വയ്ക്കാൻ വന്ന സജിത്തിന് പണം നൽകി വിട്ടു.
മോഷണ മുതലാണോ എന്നുള്ള സംശയത്തിൽ ഫിനാൻസ് ഉടമ ആധാർ കാർഡിന്റെ അഡ്രസ് പരിശോധിച്ചപ്പോഴാണ് മേൽവിലാസം തെറ്റാണെന്ന് കണ്ടെത്തിയത്. തുടർന്ന് പണയം വെച്ച ആഭരണങ്ങൾ കടയ്ക്കലിലെ ജൂവലറിയിൽ എത്തിച്ചു മുറിച്ചു നോക്കിയപ്പോഴാണ് എല്ലാം മുക്കുപണ്ടമാണെന്ന് അറിയുന്നത്. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും സമാനമായ നിരവധി കേസുകളിൽ പ്രതികളാണെന്നും കണ്ടെത്തിയത്.
കടയ്ക്കൽ പാങ്ങലുകാട്, സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതികൾ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയതായി കണ്ടെത്തിയിരിന്നു. പ്രതികൾക്കെതിരെ കടയ്ക്കൽ പൊലീസും രണ്ടു കേസുകളെടുത്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞു വന്ന രമ്യയെയും , സജിത്തിനെയും പരവൂരിൽ നിന്നുമാണ് ചിതറ പൊലീസ് പിടികൂടിയത്. ഷമീറിനെ കണ്ണനെല്ലൂരിൽ നിന്നും പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ രമ്യയെയും സജിത്തിനെയും മുക്കുപണ്ടം പണയപ്പെടുത്തിയ ചിതറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.വ്യാജ ആധാർ കാർഡ് നിർമ്മിച്ചതുൾപ്പടെയുള്ള കേസിൽ മറ്റുള്ള പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജമാക്കിയതായി ചിതറ പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments