ടൊവിനോ-ബേസിൽ ചിത്രം 'അതിരടി' ഒടിടിയിലേക്ക്; എവിടെ കാണാം?

തിരുവനന്തപുരം : തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ 'അതിരടി' ഒടിടിയിലേക്ക്. ചിത്രം ജൂൺ 19 മുതൽ സോണി ലിവിൽ സ്റ്റീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. ഒരു എഞ്ചിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ദാരുണ സംഭവത്തെ തുടർന്ന് നിരോധിക്കപ്പെട്ട, കോളേജിലെ പ്രശസ്തമായ 'ആരോഹണം' ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസിൽ ജോസഫ്) എന്ന വിദ്യാർഥി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ, ലോക്കൽ ഗുണ്ടയും ഒപ്പം ഒരു പാട്ടുകാരനുമായ ശ്രീകുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) സാംകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥയാകെ മാറുന്നു.
'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്യാമ്പസ് രാഷ്ട്രീയവും, സൗഹൃദങ്ങളും, ഈഗോ ക്ലാഷുകളും, ഹൃദയസ്പർശിയായ നിമിഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് ഈ ചിത്രം.
"ഞങ്ങളുടെ ഏറ്റവും മനോഹരമായ സിനിമാ ജീവിതത്തിലെ പലതിന്റെയും ഭാഗമായിരുന്ന പ്ലാറ്റ്‌ഫോമാണ് സോണി ലിവ്. അതിലൂടെ 'അതിരടി' പ്രേക്ഷകരിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ട്. സൗഹൃദങ്ങളും ആഘോഷങ്ങളും മത്സരങ്ങളും വികാരങ്ങളും നിറഞ്ഞ കോളേജ് ജീവിതത്തിന്റെ ആഘോഷമാണ് ഈ ചിത്രം" ബേസിൽ പറഞ്ഞു.
തനിക്ക് ലഭിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് ശ്രീകുട്ടൻ എന്ന് ടൊവിനോ തോമസ് വ്യക്തമാക്കി. ഹാസ്യവും ആവേശവും ആക്ഷനും നിറഞ്ഞ ഈ ചിത്രം സോണി ലിവിലൂടെ പ്രേക്ഷകർ പൂർണമായി ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദർശന രാജേന്ദ്രൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ജോജു ജോർജ്ജ്, വിഷ്ണു ഗോവിന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും, നടനും സംവിധായകനുമായ ഖാലിദ് റഹ്മാനും അതിഥി വേഷങ്ങളിൽ എത്തുന്നു. ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് 'അതിരടി' നിർമിച്ചിരിക്കുന്നത്.









0 comments