print edition സർക്കാർ ശിക്ഷ ഉന്നതികൾക്കും; പട്ടികവർഗ വികസനവകുപ്പിലും അന്യായ സ്ഥലംമാറ്റം

കൊല്ലം: പട്ടികവർഗ വികസന വകുപ്പിൽ മാനദണ്ഡം ലംഘിച്ച് സർക്കാർ നടത്തിയ സ്ഥലംമാറ്റത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഉന്നതികളിലെ ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ.
മഴക്കാലത്ത് ഉന്നതികളിലെ ആദിവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനും അധ്യയന വർഷാരംഭത്തിൽ ഉന്നതികളിലെയും സാമൂഹ്യ പഠനമുറികളിലെയും ട്യൂഷൻ സെന്ററുകളിൽ പാർടൈം ട്യൂട്ടർമാരെ നിയമിക്കുന്നതിനും നടപടിയായില്ല. ഹോസ്റ്റലുകളിലേക്കുള്ള ട്യൂട്ടർമാരുടെ അഭിമുഖവും നടന്നിട്ടില്ല. ഗർഭിണികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും മുടങ്ങി.
ഗർഭകാലത്ത് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലെന്നും അച്ചൻകോവിലിലെ ഉൗര് ദമ്പതികളായ അഞ്ജുവും സുനിലും കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ച വെള്ളമാണ് നൽകുന്നതെന്നും ഗർഭകാലത്ത് സർക്കാർ നൽകാറുള്ള പോഷകാഹാരങ്ങൾ ലഭിച്ചില്ലെന്നും അഞ്ജു വെളിപ്പെടുത്തി.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം എല്ലാവർഷവും ജൂൺ പതിനഞ്ചോടെ തുടങ്ങും. മേയിൽ ഫണ്ട് അലോട്ട്‌മെന്റും തുടർനടപടിയും പൂർത്തീകരിക്കും. എന്നാൽ, ഇപ്പോൾ ഭക്ഷ്യധാന്യ കിറ്റ് ലഭിക്കേണ്ടവരുടെ ലിസ്റ്റ് ജില്ലാ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ എത്തിയിട്ടേയുള്ളൂ. കിറ്റ് വിതരണം ഇനിയും വൈകും. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽതന്നെ പട്ടികജാതി– വർഗ ക്ഷേമത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു.
മുടങ്ങുമോ വിദ്യാവാഹിനിയും
ഉന്നതികളിൽനിന്നു കുട്ടികളെ സ്‌കൂളിൽ എത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി മുടങ്ങുമെന്ന് ആശങ്ക. കരാർ പ്രകാരം വാഹനങ്ങൾക്ക് വാടക നിരക്ക് നൽകാൻ സർക്കാർ തയ്യാറാകുമോ എന്നതിലാണ് ആശങ്ക. പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ജീവനക്കാരും കടുത്ത മാനസിക സമ്മർദത്തിലാണ്. യുഡിഎഫ് സർക്കാർ രാഷ്ട്രീയപ്രേരിതമായി പലരെയും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി.










0 comments