print edition ‘മരണംവരെ സമരമിരിക്കും‘; ജീവിതം വഴിമുട്ടി ഗോത്രവിഭാഗം അധ്യാപകർ

കുഞ്ഞേ നിനക്കായ് .... ഗോത്രബന്ധു പദ്ധതിയിലെ മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് നടത്തിയ വയനാട് കലക്ടറേറ്റ് ധർണയിൽ കൈക്കുഞ്ഞുമായി പങ്കെടുക്കുന്ന അധ്യാപിക (ഫോട്ടോ: എം എ ശിവപ്രസാദ്)
വി ജെ വർഗീസ്
Published on Jun 06, 2026, 12:00 AM | 1 min read
കൽപ്പറ്റ: ‘‘ഇനി ഞങ്ങൾ കുട്ടികളും കുടുംബാംഗങ്ങളുമായി ഇവിടേക്ക് വരും. ജോലിയില്ലാതെ ജീവിക്കാനാകില്ല. മരണംവരെ ഇവിടെയിരിക്കും. ഒന്പതുവർഷമായി സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നവരെയാണ് ഒന്നും പറയാതെ പിരിച്ചുവിട്ടത്. ആദിവാസികളായതുകൊണ്ടാണോ ഇൗ ക്രൂരത’’– സംസ്ഥാന സർക്കാർ പിരിച്ചുവിട്ട ഗോത്രവിഭാഗം മെന്റർ അധ്യാപകർ വയനാട് കലക്ടറേറ്റിൽ നടത്തിയ സമരം ഉദ്‌ഘാടനംചെയ്‌ത അധ്യാപിക കെ മഞ്ജുവിന്റെ വാക്കുകളിലുണ്ട് സമരതീക്ഷ്‌ണത. കോരിച്ചൊരിഞ്ഞ മഴയിലും കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തിയവരുടെ വേദന ആരുടെയും ഉള്ളുലയ്‌ക്കും. ഒന്പതുവർഷമായുള്ള തൊഴിൽ തട്ടിത്തെറിപ്പിച്ചതിലെ രോഷവും ജീവിതമാർഗം അടഞ്ഞതിന്റെ ആകുലതയുമായിരുന്നു ആ മുഖങ്ങളിൽ.
ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി എൽഡിഎഫ് സർക്കാർ നിയമിച്ച 308 ഗോത്ര അധ്യാപകരെയാണ് സർക്കാർ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. വയനാട്ടിൽ ജോലി നഷ്ടമായ 241 പേരാണ് വെള്ളിയാഴ്‌ച മാർച്ച് നടത്തിയത്. കോട്ടത്തറ വാളൽ എയുപിയിൽ പഠിപ്പിച്ചിരുന്ന സുചിത്രമോൾ രണ്ടുമാസമായ കുഞ്ഞുമായാണ് സമരത്തിനെത്തിയത്. മാണ്ടാട് ഗവ. എൽപിയിലെ അധ്യാപിക വി സുനിതയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞും പുളിയാർമല മന്തപ്പ മെമ്മോറിയൽ എയുപിയിലെ വിദ്യയുടെ ഒരുവയസ്സുള്ള കുഞ്ഞും ജീവിതസമരത്തിൽ പങ്കെടുക്കുന്ന അമ്മമാരുടെ നെഞ്ചിലമർന്നുകിടന്നു.
‘‘ഇൗ മഴയത്ത് കുട്ടികളെയുമെടുത്ത് സമരം ചെയ്യേണ്ട ഗതികേടിലാക്കി. ഇനി മറ്റൊരു ജോലി കിട്ടാനില്ല. പിരിച്ചുവിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്‌കൂളുകളിലേക്ക് കൊണ്ടുപോകാൻ വരാത്തതെന്താണെന്ന് ചോദിച്ച് ഉന്നതികളിൽനിന്ന് കുട്ടികൾ വിളിക്കുന്നുണ്ട്. ഞങ്ങളെ പിരിച്ചുവിട്ടത് അവർ അറിഞ്ഞിട്ടില്ല. അവരോട് എന്തുപറയും. ആ കുരുന്നുകളുടെ വിദ്യാഭ്യാസം മുടങ്ങും’’– സുനിത പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് മെന്റർ അധ്യാപകരുടെ തീരുമാനം.










0 comments