print edition മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു; ആദിവാസി കുട്ടികളെ സ്‌കൂളിൽ വിടാതെ രക്ഷിതാക്കൾ

ബിആർസി യിലെ അധ്യാപകരും ആദിവാസി ക്ഷേമസമിതി നേതാക്കളും കഴിഞ്ഞ വർഷം കരുളായ് മാഞ്ചീരി പുലിമുണ്ട ഉന്നതികളിൽ സ്കൂളിലെത്താത്ത കുട്ടികളെ തേടിയെത്തിയപ്പോൾ (ഫയൽ ചിത്രം)
പാലക്കാട്: ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന മെന്റർ അധ്യാപകരെ ഒഴിവാക്കണമെന്ന യുഡിഎഫ് സർക്കാർ നിർദേശത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളിൽ വിടാതെ രക്ഷിതാക്കൾ.
ഉൗര് ഭാഷയിൽ സംസാരിക്കുന്ന കുട്ടികൾ പറയുന്നത് മനസിലാക്കുകയും അവർക്ക് വഴികാട്ടുകയും ചെയ്യുന്നവരായിരുന്നു മെന്റർ അധ്യാപകർ. ഇവരെ ഒഴിവാക്കിയതോടെ കുട്ടികൾ ബുദ്ധിമുട്ടിലാവുമെന്ന് കരുതിയാണ് സ്‌കൂളിലേക്ക് വിടാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നത്.
ഒന്നാം ക്ലാസിൽ ചേരുന്ന ആദിവാസി കുട്ടികൾക്ക് മലയാളം അറിയില്ല. ഉൗര് ഭാഷ മാത്രമേ അറിയൂ. ഇവർക്ക് ഗോത്രഭാഷയിൽ പാഠഭാഗങ്ങൾ വിശദീകരിക്കുകയാണ് മെന്റർ അധ്യാപകരുടെ ജോലി. അധ്യാപകൻ ക്ലാസ് എടുത്തശേഷമാണ് വിവരിച്ചുകൊടുക്കുക.
കുട്ടിക്ക് മൂത്രമൊഴിക്കണമെന്നുണ്ടെങ്കിൽ ‘മണ്ണുക്ക്’ എന്നാണ് പറയുക. ഇത് സാധാരണ അധ്യാപകർക്ക് അറിയില്ല. പല കുട്ടികളും അധ്യാപകരോട് ഇത്തരം കാര്യങ്ങൾ പറയാൻ മടിക്കുകയും ചെയ്യും. ഇൗകാര്യങ്ങളെല്ലാം മെന്റർ അധ്യാപകരോടാണ് കുട്ടികൾ സംവദിച്ചിരുന്നത്.
കുട്ടികൾക്ക് അസുഖം വന്നാൽ വിവരം അന്വേഷിക്കുകയും ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായിക്കുന്നതും മെന്റർ അധ്യാപകരാണ്. ഒരു ദിവസം സ്‌കൂളിൽ വന്നില്ലെങ്കിൽ ഉൗരിലെത്തി കാര്യമന്വേഷിക്കുകയും കുട്ടികളെ സ്‌കൂളിൽ വിടാൻ രക്ഷിതാക്കളോട് നിർബന്ധിക്കുകയും ചെയ്യും.
കുട്ടികൾക്ക് സ്‌കൂളിലെത്താൻ വാഹന സൗകര്യമൊരുക്കുന്നതും രക്ഷിതാക്കൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സർക്കാർതലത്തിലെത്തിക്കാൻ ഇടപെടുന്നതും ഇവരാണ്. ഇൗ മെന്റർ അധ്യാപകരെ ഒഴിവാക്കണമെന്ന് കാണിച്ചാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പ്രധാന അധ്യാപകർക്ക് ഉത്തരവ് നൽകിയത്.
"ജോലിയായിട്ടല്ല, സാമൂഹ്യ പ്രവർത്തനമായാണ് ചുമതലയെ കണ്ടിരുന്നതെന്ന്' മെന്റർ അധ്യാപിക ഗാന്ധിമതി ശിവരാമൻ പറഞ്ഞു. ഇവരുടെ സ്‌കൂളിൽ 39 കുട്ടികളിൽ 36 പേരും ആദിവാസികളാണ്. ജോലി പോയതോടെ ഉപജീവനവും ഇല്ലാതായി. ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണിവർ.
ചോലനായ്ക്കർ, കാട്ടുനായ്ക്കർ കുട്ടികളുടെ പഠനവും മുടങ്ങി
എടക്കര: ചോലനായ്ക്കർക്കും കാട്ടുനായ്ക്കർക്കും മാത്രമായി സർക്കാർ ആരംഭിച്ച വെളിയന്തോടിലെ ഐജിഎംഎംആർ സ്കൂളിൽ ഒരാഴ്ച പിന്നിടുമ്പോൾ എത്തിയത് 28 കുട്ടികൾ മാത്രം. ജൂൺ ഒന്നിന് സംസ്ഥാനത്താകെ നടന്ന പ്രവേശനോത്സവ ദിവസം ഉച്ചവരെ ഒരുകുട്ടിപോലും എത്താത്ത ഏക സ്കൂളാണിത്.
സ്കൂൾ തുറക്കുംമുന്പേ അധ്യാപകർ വിദ്യാർഥികളെ തേടി കാട് കയറിത്തുടങ്ങുകയാണ് പതിവ്. എന്നാൽ, മെന്റർ ടീച്ചർമാരെ പിരിച്ചുവിട്ടതോടെ ഗുഹാവാസികളായ ആദിവാസികളുടെ പഠനം മുടങ്ങിയനിലയിലാണ്.
പ്രധാനാധ്യാപകൻമുതൽ ആയവരെ അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 25 പേർ സ്കൂളിലെത്തിയിരുന്നു. ഒന്നുമുതൽ പ്ലസ് ടുവരെ കഴിഞ്ഞവർഷം 442 കുട്ടികൾ പഠിച്ചിരുന്നു. ആദിവാസി കുട്ടികൾ സ്കൂളിൽ പോകാതെ ഇപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം വനവിഭവ ശേഖരണത്തിന് പോകുകയാണ്.
നിലമ്പൂർ കാടുകളിലെ വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കൽ, കരുളായി മാഞ്ചീരി, മുണ്ടക്കടവ്, മൂത്തേടം ഉച്ചക്കുളം, പുളക്കപ്പാറ, പോത്തുകല്ല് കുമ്പളപ്പാറ, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, അപ്പൻകാപ്പ്, തണ്ടംകല്ല് ആദിവാസി നഗറുകളിലെ കുട്ടികളാണ് പ്രധാനമായും നിലമ്പൂർ വെളിയന്തോട് സ്കൂളിലുള്ളത്.
ഒന്നാം ക്ലാസിലേക്ക് ഒരുകുട്ടി മാത്രമാണെത്തിയത്. രണ്ട്, മൂന്ന്, എട്ട്, ഒമ്പത് ക്ലാസിലും രണ്ട് കുട്ടികൾ മാത്രമാണ് ഇതുവരെ സ്കൂളിലെത്തിയത്. ഒന്നും രണ്ടും കുട്ടികളെവച്ച് ക്ലാസുകൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
മെന്റർ ടീച്ചർമാർ കൂടെയിരുത്തി, ചേർത്തുപിടിച്ച് പാഠഭാഗങ്ങൾ ചോലനായ്ക്കർ, കാട്ടുനായ്ക്കർ ഭാഷയിൽത്തന്നെ കുട്ടികളെ പഠിപ്പിക്കുന്നത്.
ഏഷ്യയിലെത്തന്നെ പ്രാക്തന ഗോത്രവർഗ വിഭാഗമെന്നറിയപ്പെടുന്ന കരുളായി ഉൾക്കാട്ടിലെ മാഞ്ചീരി ആദിവാസി ഉന്നതികളിലാണ് ചോലനായ്ക്കർ വിഭാഗം കഴിയുന്നത്.










0 comments