print edition നന്ദി.... ജീവിതത്തിനും അന്നത്തിനും വിദ്യാഭ്യാസത്തിനും

തിരുവനന്തപുരം: കാറ്റും മഴയും വന്യമൃഗങ്ങളും തീർത്ത ഭീതിയുടെ നിഴലിൽനിന്ന് വികസനവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ സർക്കാരിന് അഭിവാദ്യമർപ്പിക്കാൻ കുറ്റിച്ചൽ വനമേഖലയിലെ ആദിവാസി ജനത ആര്യനാട്ടെ ജാഥാ സ്വീകരണകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി.
പൊടിയം, മാങ്കോട്, ചോന്നാംപാറ തുടങ്ങിയ ഉന്നതികളിൽനിന്നെത്തിയ ഇരുപതോളംപേരാണ് സ്വീകരണകേന്ദ്രത്തിൽ കരുത്തുറ്റ സാന്നിധ്യമായത്. തങ്ങളെ മനുഷ്യരായി പരിഗണിക്കുകയും അന്തസ്സോടെ ജീവിക്കാൻ മണ്ണും വീടും ഒരുക്കിനൽകുകയും ചെയ്ത സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കുവേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.
യുഡിഎഫ് ഭരണകാലത്ത് വിസ്മൃതിയിലാണ്ടുപോയ ഈ ഉന്നതികൾ ദുരിതപർവങ്ങളുടെ നേർസാക്ഷ്യങ്ങളായിരുന്നു. നേരിയ മഴ പെയ്താൽപോലും തോടുകളും പുഴകളും കരകവിഞ്ഞ് വനമേഖല ഒറ്റപ്പെടും. വന്യമൃഗങ്ങളുടെ ഭീഷണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരും നിരവധിയാണ്.
ഈ തലമുറയുടെ സങ്കടങ്ങൾക്ക് അറുതിവരുത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. കുന്നിൻപുറങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടാർ ചെയ്ത റോഡുകൾ യാഥാർഥ്യമായി. വന്യമൃഗ പേടിയില്ലാതെയും തോടുകളിൽ വീഴുമെന്ന ഭയമില്ലാതെയും മക്കൾക്ക് സ്കൂളുകളിലേക്ക് പോകാനുള്ള സുരക്ഷിത പാതയൊരുക്കിയ സർക്കാർ തുടരണമെന്ന് അവർ ഒരേസ്വരത്തിൽ പറഞ്ഞു.
റേഞ്ച് പോലുമില്ലാത്തതിനാൽ, ഒറ്റപ്പെട്ടുപോയിരുന്ന ജനതയെ കെ- ഫോണിലൂടെ നെറ്റ്‌വർക്ക് വിപ്ലവത്തിന്റെ നെറുകയിൽ എത്തിച്ചു. പട്ടയവും സുരക്ഷിതമായ പാർപ്പിടവും ഓരോ കുടുംബത്തിനും ഉറപ്പാക്കിയതും ഇടതുപക്ഷമാണ്. വനമേഖലകളിൽനിന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തുന്ന ആദിവാസി വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ഈ സർക്കാരിന്റെ കരുതലിന് തെളിവാണ്.











0 comments