നുണ പൊളിച്ച് വിവരാവകാശരേഖ
print edition നയാപൈസയല്ല; ഖജനാവിലുണ്ട് 5429 കോടി

2026 മെയ് 20ലെ മനോരമയുടെ ഒന്നാം പേജ് വാർത്ത, വി ഡി സതീശൻ

സ്വന്തം ലേഖകൻ
Published on May 25, 2026, 12:37 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും യുഡിഎഫ് നേതാക്കളുടെയും പെരുംനുണ പൊളിച്ച് വിവരാവകാശ രേഖ. മെയ് ഒന്നിന് ഖജനാവിൽ 5,429.01 കോടി രൂപയാണ് ബാക്കിയുള്ളതെന്ന് മുഖ്യമന്ത്രി ഭരിക്കുന്ന ധനവകുപ്പുതന്നെ സമ്മതിച്ചു. കേരളം പാപ്പരാണെന്ന് പറഞ്ഞ എ കെ ആന്റണിക്കും നയാപൈസയില്ല എന്ന് വാർത്ത നൽകിയ യുഡിഎഫ് പത്രത്തിനുമുള്ള മറുപടികൂടിയാണ് വിവരാവകാശ രേഖ.
സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതും അതിനായി ഡോ. കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ നിശ്‌ചയിച്ചതും കഴിഞ്ഞദിവസമാണ്. ഖജനാവിൽ പണമില്ല എന്ന പ്രചാരണം കൊഴുപ്പിക്കാൻ മനോരമ ഒന്നാം പേജിൽ ‘നയാപൈസയില്ല’ എന്ന വാർത്തയും നൽകി. സംസ്ഥാനത്തിന്റെ വാർഷിക ചെലവ് രണ്ടു ലക്ഷം കോടിയിൽ അധികരിക്കുകയും തനത് വരുമാനം വർധിക്കുകയും ചെയ്‌തിട്ടും ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ് എന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ ആരോപിച്ചത്.
അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ കണക്കും രേഖകളും വച്ച് ഇൗ വാദം ഖണ്ഡിച്ചിരുന്നു. തെഞ്ഞെടുപ്പിലെ ജനപ്രിയ വാഗ്‌ദാനങ്ങൾ നടപ്പാക്കാതിരിക്കാനാണ് ജയിച്ച ശേഷവും ‘നയാപൈസയില്ല’ എന്നാവർത്തിക്കുന്നത്. ഖജനാവ് കാലിയാണ് എന്നുപറഞ്ഞ സർക്കാർ ക്ഷേമപെൻഷൻ വിതരണംചെയ്യാൻ 1070 കോടി അനുവദിച്ചത് ഇതേ ഖജനാവിൽനിന്നാണ്. ആശമാർ ഉൾപ്പെടെയുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും ഖജനാവിലെ നീക്കിയിരിപ്പ് കണ്ടുകൊണ്ടാണ്.











0 comments