print edition സമ്മർദവുമായി ദേവസ്വം മന്ത്രിയുടെ ഓഫീസ്; സ്ഥലംമാറ്റ ഉത്തരവ് വീണ്ടും തിരുത്തണം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റത്തിന് സമ്മർദം ചെലുത്തി ദേവസ്വം മന്ത്രിയുടെ ഓഫീസ്. ജൂൺ 12നാണ് ബോർഡിലെ ഗസറ്റഡ് ഓഫീസർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.
ഇതിനെതിരെ മന്ത്രി കെ മുരളീധരൻതന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ശബരിമല കേസിൽ എസ്‌ഐടി മൊഴിയെടുത്തവർ സ്ഥലംമാറ്റപട്ടികയിൽ ഉൾപ്പെട്ടെന്നും ഉത്തരവ് തിരുത്തിയില്ലെങ്കിൽ ബോർഡിന് കൊള്ളയിൽ പങ്കുണ്ടെന്ന് കരുതേണ്ടിവരും എന്നുമായിരുന്നു മന്ത്രിയുടെ ഭീഷണി.
കേസിൽ മൊഴിയെടുത്ത നിരവധി ജീവനക്കാരുണ്ട് എന്നും മൊഴിയെടുത്തതിന്റെ പേരിൽ ജീവനക്കാരെ മാറ്റിനിർത്താനാകില്ലെന്നും ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞിരുന്നു. 75 പേരുടെ സ്ഥലംമാറ്റ ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്.
സീനിയോറിറ്റി അടക്കം ചില പരാതികൾ ഉയർന്നതിനാൽ 25 പേരുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. തുടർന്ന് പുതിയ സ്ഥലംമാറ്റ ഉത്തരവും പുറത്തിറങ്ങി. ഇതിനു പിന്നാലെയാണ് വീണ്ടും ഉത്തരവ് തിരുത്തിക്കാനുള്ള ശ്രമം.
പൊതു മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം നടത്താനാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് സമ്മർദം ചെലുത്തുന്നത്. ദേവസ്വം മന്ത്രിയുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ, ദേവസ്വം ബോർഡ് സെക്രട്ടറിയായി വിരമിച്ച മുൻ കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ നേതൃത്വത്തിലാണ് സമ്മർദം.
സർവീസിലിരിക്കെ നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. സ്ഥലംമാറ്റത്തിന്റെ പേരിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ കാര്യങ്ങളിൽ മുന്പ് വകുപ്പ് ഇടപെട്ടിരുന്നില്ല. പൊതു മാനദണ്ഡമനുസരിച്ചേ സ്ഥലംമാറ്റം നടത്താവൂ എന്ന് ബോർഡിലെ അംഗീകൃത സംഘടനയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫഡറേഷൻ ആവശ്യപ്പെട്ടു.










0 comments